2016ലെ 300 സ്റ്റാർട്ട് അപ്പുകളുടെ സ്ഥാനത്ത് ഇപ്പോൾ 2200 സ്റ്റാർട്ട് അപ്പുകൾ കേരളത്തിൽ പ്രവർത്തിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഐ. ടി അധിഷ്ഠിത 1600 ലധികം സ്റ്റാർട്ട് അപ്പുകളുണ്ട്. രണ്ടു ലക്ഷത്തിലധികം ഇൻകുബേഷൻ സ്‌പേസ് ഇന്നുണ്ട്. സ്റ്റാർട്ട് അപ്പുകളുടെ നിക്ഷേപം 2.20കോടിയിൽ നിന്ന് 875 കോടി രൂപയായി വർധിച്ചു.

സ്റ്റാർട്ട് അപ്പുകൾക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നതിൽ രാജ്യത്ത് മുൻപന്തിയിലാണ് കേരളം. രാജ്യത്തെ മികച്ച സ്റ്റാർട്ട് അപ്പ് ഇക്കോസിസ്റ്റമാണ് ഇവിടെയുള്ളത്. 2018ൽ കേന്ദ്ര സർക്കാർ തയ്യാറാക്കിയ സംസ്ഥാനങ്ങളുടെ സ്റ്റാർട്ട് അപ്പ് റാങ്കിംഗിൽ കേരളം ടോപ്പ് പെർഫോർമറാണ്. സ്റ്റാർട്ട് അപ്പുകൾക്ക് അനുയോജ്യമായ ഭൗതികവും സാങ്കേതികവുമായ സൗകര്യം ഒരുക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത സ്റ്റാർട്ട് അപ്പ് സമുച്ചയം കേരളത്തിൽ ആരംഭിച്ചു. ലോകോത്തര നിലവാരത്തിലുള്ളതാണ് കൊച്ചിയിലെ സൂപ്പർ ഫാബ് ലാബ്. നിസാൻ, ഹിറ്റാച്ചി, ടെറാനെറ്റ്, ടെക് മഹീന്ദ്ര തുടങ്ങി ഐ. ടി മേഖലയിലെ നിരവധി ലോകോത്തര കമ്പനികളാണ് ഈ കാലയളവിൽ കേരളത്തിലേക്കെത്തിയത്. പുതിയ കമ്പനികൾ വരാൻ തയ്യാറായി നിൽക്കുന്നുമുണ്ട്.  സംസ്ഥാനത്തെ ഐ.ടി സ്പേസ് ഇരട്ടിയാക്കാനാണ് ഉദ്ദേശം.

ഇൻറർനെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളം. പാവപ്പെട്ടവർക്ക് സൗജന്യനിരക്കിൽ അതിവേഗ ഇൻറർനെറ്റ് ലഭ്യമാക്കാൻ 1548 കോടിയുടെ കെ-ഫോൺ പദ്ധതിക്ക് തുടക്കമിട്ടു. ഇക്കൊല്ലം ഡിസംബറോടെ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.