കൊല്ലം ജില്ലയില്‍ ഇന്നലെ(മെയ് 25) രണ്ടു പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് രോഗബാധ സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ നിന്നും സ്‌പെഷ്യല്‍ ട്രെയിനില്‍ എത്തിയ തേവലക്കര അരിനല്ലൂര്‍ സ്വദേശിയായ 38 കാരന്‍(ജ36), കരുനാഗപ്പള്ളി തുറയില്‍കുന്ന് സ്വദേശിയായ മസ്‌കറ്റില്‍ നിന്നും സി എ ഐ-554 നമ്പര്‍ സ്‌പെഷ്യല്‍ ഫ്‌ളൈറ്റില്‍ തിരുവനന്തപുരത്ത് എത്തിയ 23 വയസുള്ള യുവതി(ജ37) എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. യുവതി പിതാവിനൊപ്പം കാറില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ തുടരുകയായിരുന്നു.

രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയതിനാല്‍ സാമ്പിള്‍ പരിശോധന നടത്തി. പോസിറ്റീവായി സ്ഥിരീകരിച്ചതോടെ ഇരുവരെയും പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
പൊതുജനങ്ങള്‍ സാമൂഹിക അകലം പാലിക്കുകയും  അത്യാവശ്യത്തിനല്ലാത്ത യാത്രകള്‍ ഒഴിവാക്കുകയും വേണം. കോവിഡ് നിയന്ത്രണത്തിന് മാസ്‌ക്കും സാനിറ്റൈസറും  ശീലമാക്കുകയും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കഴുകുകയും വേണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 1469/2020)

രണ്ടു പേര്‍ക്കു കൂടി കോവിഡ് മുക്തി


ജില്ലയില്‍ രണ്ടു പേര്‍ കൂടി കോവിഡ് ഭേദമായി ആശുപത്രി വിട്ടു. മെയ് 16 ന് എത്തിയ ഐ എക്‌സ്-538 നമ്പര്‍ അബുദാബി-തിരുവനന്തപുരം ഫ്‌ളൈറ്റിലെ യാത്രക്കാരായിരുന്ന ചിറക്കര പുത്തന്‍കളം സ്വദേശി 42 വയസ് (ജ24), വടക്കേക്കര സ്വദേശി 30 വയസ്(ജ25) എന്നിവരാണ് രോഗം ഭേദമായി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രി വിട്ടത്. സാമ്പിള്‍ പരിശോധനാ ഫലം രണ്ടു തവണ നെഗറ്റീവായി സ്ഥിരീകരിച്ചു. ഇരുപത്തിമൂന്നു പേര്‍ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു. രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്ടാക്ടുകള്‍ 1,330 ഉം സെക്കന്ററി കോണ്ടാക്ടുകള്‍ 1,103 ഉം ആണ്.