പാലക്കാട്: അതിര്‍ത്തി ജില്ല എന്ന നിലയില്‍ പാലക്കാട്ടില്‍ കോവിഡ്-19 നുമായി ബന്ധപ്പെട്ട് കൂടുതല്‍ ഇടപെടലും ബോധവല്‍ക്കരണവും ആവശ്യമാണെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയും പ്ത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ജില്ലയില്‍ പൊതുഗതാഗതം ശക്തിപ്പെട്ടാല്‍ രോഗവ്യാപന സാധ്യത കൂടും. നാല് ദിവസം കൊണ്ട് ജില്ലയില്‍ 32 കോവിഡ്-19 കേസുകള്‍ വര്‍ദ്ധിച്ചിരിക്കുന്നത് സമൂഹവ്യാപന സാധ്യതയ്ക്കുള്ള ആശങ്കയുണ്ടാക്കുന്നതായി മന്ത്രി പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചിരിക്കുന്നത് സമൂഹവ്യാപനത്തിന്റെ ലക്ഷണമാണ്. മറ്റുസംസ്ഥാനങ്ങളില്‍ നിന്നും 95 ശതമാനം ആളുകളും അതിര്‍ത്തി കടന്നെത്തിയിരിക്കുന്നത് ജില്ല വഴിയാണ്. രോഗലക്ഷണമില്ലാതെയാണ് നിരവധി പേര്‍ വന്നിരിക്കുന്നത്. ചെറിയ രീതിയിലുള്ള സമ്പര്‍ക്കത്തിലൂടെ പോലും ചെക്‌പോസ്റ്റുകളില്‍ രോഗം പകര്‍ന്നിട്ടുണ്ട്.
ഒന്നാംഘട്ടത്തിലും രണ്ടാംഘട്ടത്തിലും നടപ്പിലാക്കിയിട്ടുള്ള നിയന്ത്രണങ്ങള്‍ മൂന്നാംഘട്ടത്തില്‍ സാധ്യമാവണമെന്നില്ല. പൊതുജനങ്ങള്‍ സ്വയം മനസിലാക്കി സഹകരിക്കേണ്ട ഘട്ടമാണിത്. വീടുകളില്‍ നിരീക്ഷണത്തില്‍ ഇരിക്കേണ്ടവര്‍ പലപ്പോഴും അത് പാലിക്കുന്നില്ല. പഞ്ചായത്ത് തലത്തിലുള്ള നിരീക്ഷണ കമ്മിറ്റി ഫലപ്രദമായി ഇടപെട്ട് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തണം.
പ്രവാസികളുടെ കാര്യത്തില്‍ ഫലപ്രദമായ നിരീക്ഷണ സംവിധാനങ്ങള്‍ ഉണ്ട്. എന്നാല്‍ അന്യസംസ്ഥാനത്തു നിന്നും വരുന്നവരുടെ കാര്യത്തില്‍ ഇത് ഫലപ്രദമല്ല.
ഇവര്‍ സ്വമേധയാ നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും പാലിച്ചില്ലെങ്കില്‍ സമൂഹവ്യാപനസാധ്യത ഉണ്ടാകുന്ന ആദ്യ ജില്ലയായി പാലക്കാട് മാറുമെന്ന് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ് ഹോം അഫയേഴ്‌സിന്റെ നിര്‍ദ്ദേശങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളും ശക്തിപ്പെടുത്തുന്നതിനായാണ് ജില്ലയില്‍ 144 പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് 144 പ്രഖ്യാപിക്കുന്ന ആദ്യ ജില്ലയാണ് പാലക്കാട്.
പരീക്ഷാ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ജില്ലയില്‍ ഇന്ന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.സി പരീക്ഷകള്‍ക്കായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മന്ത്രി അറിയിച്ചു. സ്‌കൂളുകളില്‍ അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ അണുനശീകരണം പൂര്‍ത്തിയാക്കി. താപനില പരിശോധിക്കുന്നതിനുള്ള തെര്‍മല്‍ സ്‌കാനര്‍, മാസ്‌ക് എന്നിവ സ്‌കൂളുകളില്‍ എത്തിച്ചിട്ടുണ്ട്. ഓരോ പരീക്ഷാ കേന്ദ്രത്തിലും ആവശ്യമായ പരിശീലനവും നിര്‍ദ്ദേശങ്ങളും നല്‍കുന്നതിന് ആരോഗ്യപ്രവര്‍ത്തകരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. 24 കുട്ടികള്‍ക്ക് ഒരു റൂം എന്നത് മാറ്റി 20 കുട്ടികള്‍ക്ക് ഒരു ക്ലാസ് മുറിയായി തീരുമാനിച്ചിട്ടുണ്ട്.
നിബന്ധന ലംഘിച്ചാല്‍ പരീക്ഷ എഴുതാനാവില്ല
പരീക്ഷ എഴുതുന്ന കുട്ടികള്‍ സ്വന്തമായി കുടിവെള്ളം, പേന, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവ കയ്യില്‍ കരുതണം. മറ്റു കുട്ടികളുമായി സാധനങ്ങള്‍ കൈമാറ്റം ചെയ്യാന്‍ പാടില്ല. ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല.
പരീക്ഷാ ജോലിക്കായി ജില്ലയില്‍ 1964 ഇന്‍വിജിലേറ്റര്‍മാരെ നിയമിച്ചിട്ടുണ്ട്. 196 പേരെ റിസര്‍വില്‍ വെച്ചിട്ടുണ്ട്. കൂടാതെ 199 ചീഫ് സൂപ്രണ്ടുമാരേയും 224 ഡെപ്യൂട്ടി സൂപ്രണ്ടുമാരേയും നിയോഗിച്ചിട്ടുണ്ട്. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 148 കേന്ദ്രങ്ങളിലായി 80186 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഇതിനായി 4008 അധ്യാപകരെ നിയമിച്ചിട്ടുണ്ട്. പുതിയ ഹോട്ട്‌സ്‌പോട്ട്, കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചാല്‍ പരീക്ഷാ കേന്ദ്രം മാറ്റില്ല. പ്രത്യേക ശ്രദ്ധയോടെ ഇവരെ നിലവിലെ പരീക്ഷാ കേന്ദ്രത്തില്‍ തന്നെപരീക്ഷ എഴുതിക്കും.
മഴക്കാല പൂര്‍വ്വ രോഗ പ്രതിരോധത്തിന് ആരോഗ്യവകുപ്പിന്റെ പ്രത്യേക ഇടപെടല്‍
മഴക്കാല രോഗങ്ങളെ തടഞ്ഞു നിര്‍ത്താന്‍ മഴയ്ക്കു മുന്‍പ് ശുചിത്വത്തിനും മാലിന്യസംസ്‌ക്കരണത്തിനും പ്രാധാന്യം നല്‍കിയാണ് ആരോഗ്യവകുപ്പ് പ്രവര്‍ത്തിക്കുന്നതെന്ന മന്ത്രി പറഞ്ഞു. ജില്ലാ കലക്ടറുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് ഓരോ താലൂക്കിലും ഇന്‍സിഡെന്റല്‍ കമാന്റര്‍മാരായി തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ജില്ലാ തലത്തില്‍ ജില്ലാ കലക്ടര്‍ ചെയര്‍മാനായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കോ-ചെയര്‍മാനായും എ.ഡി.എം സി.ഇ.ഒ ആയും എസ്.പി, ഡി.എം.ഒ എന്നിവരുള്‍പ്പെടുന്ന അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
മാസ്‌ക് ഉപയോഗം അന്തരീക്ഷത്തില്‍ നിന്നുള്ള അണുക്കള്‍ ശരീരത്തില്‍ എത്തുന്നത് തടയാനും ഇത് മൂലം മഴക്കാല പൂര്‍വ രോഗങ്ങള്‍ ഒരു പരിധി വരെ തടയാനായിട്ടുണ്ട്. പ്രളയവുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ കണക്കിലെടുത്ത് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.