1,041 പേര്‍ കൂടി പുതിയതായി നിരീക്ഷണത്തില്‍; ഇപ്പോള്‍ ആകെ നിരീക്ഷണത്തിലുള്ളത് 12,053 പേര്‍

മലപ്പുറം ജില്ലയില്‍  മെയ് 25ന്‌ പുതിയതായി ആര്‍ക്കും കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി 1,041 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം എന്‍.എം മെഹറലി  അറിയിച്ചു. 12,053 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 157 പേര്‍  വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.

കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 151 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍  നാല് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരുമാണ് ഐസൊലേഷനിലുള്ളത്. 10,719 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 1,177 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു.

 ചികിത്സയിലുള്ളത് 49 പേര്‍

കോവിഡ് 19 സ്ഥിരീകരിച്ച് ജില്ലയില്‍ 49 പേരാണ്  നിലവില്‍ ചികിത്സയിലുള്ളത്. 46 പേര്‍ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് ഇവരെ കൂടാതെ ഒരു ആലപ്പുഴ സ്വദേശിനിയും ഒരു പാലക്കാട് സ്വദേശിയും മഞ്ചേരി ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ട്.  നിലവില്‍ രോഗബാധിതരായുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ ഇതുവരെ 72 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നാല് മാസം പ്രായമായ കുട്ടി  രോഗബാധിതയായിരിക്കെ മരിച്ചു.  24 പേര്‍ക്ക് വിദഗ്ധ ചികിത്സയ്ക്കു ശേഷം രോഗം ഭേദമായി. ഇതില്‍ തുടര്‍ ചികിത്സയിലിരിക്കെ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ രോഗം ഭേദമായ ശേഷം തുടര്‍ നിരീക്ഷണങ്ങള്‍ക്കായി സ്റ്റെപ് ഡൗണ്‍ ഐ.സി.യുവില്‍ തുടരുകയാണ്. 20 പേരാണ് രോഗം ഭേദമായി വീടുകളിലേയ്ക്ക് മടങ്ങിയത്. ജില്ലയില്‍ ഇതുവരെ 3,381 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 122 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

 ആരോഗ്യ ജാഗ്രത കര്‍ശനമായി തുടരുന്നു

• കണ്‍ട്രോള്‍ സെല്ലുമായി ഫോണില്‍ ബന്ധപ്പെട്ടവര്‍ – 197
• നിരീക്ഷണത്തിലുള്ളവര്‍ പൊതു സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടോയെന്ന് 2,194 ദ്രുത കര്‍മ്മ സംഘങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കുന്നു.
• മാനസിക പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്നലെ വിദഗ്ധ സംഘത്തിന്റെ സേവനം ലഭ്യമാക്കിയത് – 58
• കൗണ്‍സലിങ് നല്‍കിയത് – ഒന്ന്
• നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇതിനായി പാലിയേറ്റീവ് നഴ്സുമാര്‍ ഇന്നലെ കണ്ടെത്തിയ മുതിര്‍ന്ന പൗരന്മാര്‍ – 183
• നിരീക്ഷണത്തിലുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ നിന്ന് കോണ്ടാക്ട് ട്രെയ്‌സിംഗ് വിഭാഗം ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചുവരുന്നു.