പത്തനംതിട്ട ജില്ലയില്‍ നിന്ന് ജാര്‍ഖണ്ഡിലേക്ക് അതിഥി തൊഴിലാളികളുടെ ആദ്യസംഘം ഇന്ന് വൈകിട്ട്(മേയ് 26 ചൊവ്വ) യാത്രതിരിച്ചു. ലോക്ഡൗണിനിടെ ആദ്യമായാണ് തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ ഒരു ട്രെയിനിന് സ്‌റ്റോപ്പ് അനുവദിക്കുന്നതും അതിഥി തൊഴിലാളികളെ സ്‌റ്റേഷനില്‍ നിന്നും യാത്രയാക്കുന്നതും.
തിരുവനന്തപുരത്ത് നിന്നും ജാര്‍ഖണ്ഡിലേക്കുള്ള  സ്പെഷല്‍ ട്രെയിനില്‍ ജില്ലയില്‍ നിന്നുള്ള 333 അതിഥി തൊഴിലാളികളാണു സ്വദേശത്തേക്കു മടങ്ങിയത്. കൂടാതെ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 173 പേരും തിരുവല്ലയില്‍ നിന്ന് യാത്രയായി. മൊത്തം 506 പേരാണ് തിരുവല്ലയില്‍ നിന്നു ട്രെയിനില്‍ കയറിയത്.
ജില്ലയില്‍ നിന്നു പുറപ്പെടുന്ന അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണ കിറ്റും, മാസ്‌കും നല്‍കിയാണ് യാത്രയാക്കിയത്. ജില്ലയിലെ ആറു താലൂക്കുക്കളില്‍ നിന്നുമാണ് അതിഥി തൊഴിലാളികള്‍ എത്തിയത്.  ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍  12 കെഎസ്ആര്‍ടിസി ബസുകളിലായിട്ടാണ് ഇവരെ തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്.
കോന്നി താലൂക്കില്‍ നിന്നും 131, കോഴഞ്ചേരി താലൂക്കില്‍ നിന്നും 30, അടൂര്‍ താലൂക്കില്‍ നിന്നും 88, മല്ലപ്പള്ളി താലൂക്കില്‍ നിന്നും 8, തിരുവല്ല താലൂക്കില്‍ നിന്നും 32, റാന്നി താലൂക്കില്‍ നിന്നും 44 അതിഥി തൊഴിലാളികളാണ് സംസ്ഥാന സര്‍ക്കാരിന് നന്ദി അര്‍പ്പിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങിയത്. പോലീസ് വകുപ്പിന്റെ സഹകരണത്തോടെയായിരുന്നു യാത്ര. ഏറ്റവും കൂടുതല്‍ അതിഥി തൊഴിലാളികള്‍ മടങ്ങിയത് കോന്നി, റാന്നി  താലൂക്കുകളില്‍ നിന്നാണ്.
സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, എല്‍.എ ഡെപ്യുട്ടി കളക്ടര്‍ എസ്.എച്ച് സജികുമാര്‍, തിരുവല്ല തഹസില്‍ദാര്‍ പി. ജോണ്‍ വര്‍ഗീസ്,  ലേബര്‍ ഓഫീസര്‍ ടി. സൗദാമിനി, സ്റ്റേഷന്‍ മാനേജര്‍ കെ.പി.ഷാജി, മൈഗ്രന്റ് സ്‌ക്രീനിംഗ് നോഡല്‍ ഓഫീസര്‍ ഡോ.എസ്.ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന് തൊഴിലാളികളെ യാത്രയാക്കി.