വിദേശ രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും മലയാളികൾ ധാരാളമായി വന്നു തുടങ്ങിയ സാഹചര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾ വിശദീകരിക്കാനും ജനപ്രതിനിധികളുടെ സഹകരണം അഭ്യർത്ഥിക്കാനും എംപിമാരുമായും എംഎൽഎമാരുമായും മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് നടത്തി. ഇപ്പോഴത്തെ ഗുരുതര സാഹചര്യം നേരിടുന്നതിന് സർക്കാർ എടുക്കുന്ന നടപടികൾക്ക് രാഷ്ട്രീയ വ്യത്യാസമില്ലാതെ എംപിമാരും എംഎൽഎമാരും പിന്തുണ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

ഈ മഹാമാരി നേരിടുന്നതിന് കേരളം തുടർന്നും ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന വികാരമാണ് എല്ലാവരും പങ്കുവെച്ചത്.  ജാഗ്രത ശക്തിപ്പെടുത്തുന്നതിന് ചില നിർദേശങ്ങൾ ജനപ്രതിനിധികളുടെ ഭാഗത്തുനിന്നുണ്ടായി. അവ സർക്കാർ ഗൗരവമായി പരിശോധിക്കും. നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ എന്നിവരുൾപ്പെടെ പങ്കെടുത്തു. മൂന്നു പേരൊഴികെ എല്ലാ മന്ത്രിമാരും മുഖ്യമന്ത്രിയോടൊപ്പം വീഡിയോ കോൺഫറൻസിലുണ്ടായിരുന്നു.

എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വാർഡുതലത്തിൽ കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്. വാർഡ് മെമ്പറുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനം. വാർഡുതല സമിതിക്കു മുകളിൽ പഞ്ചായത്തുതലത്തിൽ കമ്മിറ്റികൾ ഉണ്ട്. ഇവരുടെ പ്രവർത്തനത്തിന് മാർഗനിർദേശവും സഹായവും ഉണ്ടാകണമെന്ന് എംഎൽഎമാരോടും എംപിമാരോടും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. വിദേശ രാജ്യങ്ങളിൽ നിന്ന് വരാൻ ആഗ്രഹിക്കുന്നവരുടെ കാര്യത്തിൽ ആശങ്ക വേണ്ട. കൂടുതൽ ഫ്‌ളൈറ്റുകൾ ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തയ്യാറാവുന്നുണ്ട്.

ആളുകളെ കൊണ്ടുവരുമ്പോൾ മുൻഗണനാ വിഭാഗത്തിലുള്ളവരെ ആദ്യം പരിഗണിക്കണം. കോവിഡ് വ്യാപനം തീവ്രമായ പ്രദേശങ്ങളിൽനിന്ന് വരുന്നവരുടെ കാര്യത്തിൽ പ്രത്യേക സമീപനം വേണമെന്ന് പ്രതിപക്ഷ നേതാവ് നിർദേശിച്ചു. ഇക്കാര്യം പരിശോധിച്ച് വേണ്ടത് ചെയ്യും. എന്നാൽ, അവർ ഇങ്ങോട്ടുവരേണ്ടതില്ല എന്ന സമീപനം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവരുടെ മക്കൾക്ക് കേരളത്തിലെ വിദ്യാലയങ്ങളിൽ തുടർന്ന് പഠിക്കുന്നതിന് പ്രയാസം ഉണ്ടാകില്ല. അതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കും. അന്തർ ജില്ലാ ജലഗതാഗതം അനുവദിക്കണമെന്ന ആവശ്യം വീഡിയോ കോൺഫറൻസിൽ ഉയർന്നു. അന്തർജില്ലാ ബസ് സർവീസ് ആരംഭിക്കുന്നതിനൊപ്പം ഇത് പരിഗണിക്കും. വിദേശത്ത് ജോലി ചെയ്യുന്ന മലയാളികൾക്ക് തിരിച്ചുപോകാൻ യാത്രാസൗകര്യമില്ലാത്ത പ്രശ്‌നം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇത് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം കർശനമായി നടപ്പാക്കുന്നതിന് മുഖ്യമന്ത്രി എം. എൽ. എമാരുടെയും എം. പി.മാരുടെയും സഹകരണം തേടി. കോവിഡ് പ്രതിരോധം സംബന്ധിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുകയാണ് ജനപ്രതിനിധികൾക്ക് മുന്നിലുള്ള കടമ. കോവിഡിനെതിരായ പോരാട്ടത്തിൽ ജനങ്ങളെയാകെ അണിനിരത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.