തിരുവനന്തപുരം ജില്ലയില്‍ റേഷന്‍ കടകള്‍ വഴിയുള്ള സൗജന്യ പലവ്യഞ്ജന കിറ്റ് (അതിജീവന കിറ്റ്) വിതരണം പൂര്‍ത്തിയായി. 9,09,243 കാര്‍ഡുടമകള്‍ റേഷന്‍ കടകളില്‍ നിന്നും കിറ്റ് വാങ്ങി. ആകെ 9,46,906 റേഷന്‍ കാര്‍ഡുകളാണ് ജില്ലയില്‍ ഉള്ളത്. റേഷന്‍ കടകളില്‍ നിന്നും കിറ്റ് വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് സപ്ലൈകോ വിതരണ കേന്ദ്രങ്ങളില്‍ നിന്നും വരും ദിവസങ്ങളില്‍ കിറ്റ് വാങ്ങാനുള്ള സൗകര്യമുണ്ട്.

അന്ത്യോദയ അന്ന യോജന(എഎവൈ-മഞ്ഞ കാര്‍ഡ്)വിഭാഗത്തില്‍ 62,438 കാര്‍ഡുടമകളും  മുന്‍ഗണനാ  വിഭാഗത്തില്‍ (പിഎച്ച്എച്ച്-പിങ്ക് കാര്‍ഡ്) 3,88,488 കാര്‍ഡുടമകളും പൊതുവിഭാഗം സബ്‌സിഡി (എന്‍പിഎസ്-നീല കാര്‍ഡ്) ഇല്‍ ഉള്‍പ്പെട്ട 2,01,465 കാര്‍ഡുടമകളും പൊതുവിഭാഗം (എന്‍പിഎന്‍എസ്-വെള്ള കാര്‍ഡ്) ഇല്‍ ഉള്‍പ്പെട്ട 2,56,852 കാര്‍ഡുടമകളും കിറ്റ് വാങ്ങി. ഡൊണേറ്റ് മൈ കിറ്റ് സേവനം ഉപയോഗിച്ച് 4,356 റേഷന്‍ കാര്‍ഡുടമകള്‍ കിറ്റ് സംഭാവന ചെയ്തു.

റേഷന്‍ കാര്‍ഡ് ഇല്ലാത്ത കുടുംബങ്ങള്‍ക്ക് അപേക്ഷിച്ചാല്‍ 24 മണിക്കൂറിനകം റേഷന്‍ കാര്‍ഡ് നല്‍കണമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 5,738 അപേക്ഷകള്‍ ലഭിക്കുകയും അതില്‍ 3,017 അപേക്ഷകള്‍ അംഗീകരിക്കുകയും ചെയ്തു. മെയ് മാസത്തെ റേഷന്‍ വിഹിത വിതരണം 97% പൂര്‍ത്തിയായി. പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം മഞ്ഞ,പിങ്ക് കാര്‍ഡുടമകള്‍ക്കുള്ള സൗജന്യ അരി,കടല/പയര്‍ എന്നിവയുടെ വിതരണം പുരോഗമിക്കുകയാണ്. കാര്‍ഡിലെ ഓരോ അംഗത്തിനും അഞ്ചു കിലോ അരിയും ഒരു കാര്‍ഡിന് ഒരു കിലോ കടല/പയര്‍ സൗജന്യമായി ലഭിക്കും.