ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതി മാതൃകാപരമായി നടപ്പാക്കുന്ന പഞ്ചായത്താണ് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ ഹരിത സമൃദ്ധി പദ്ധതിയുടെ ഭാഗമായുള്ള നെല്‍കൃഷിയുടെയും ഇടവിള പച്ചക്കറി കൃഷിയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഭാവിയില്‍ ഭക്ഷ്യസുരക്ഷാ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ എങ്ങനെ ഒരുങ്ങണം എന്നതിനുള്ള മാതൃക കൂടിയാണ് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റേതെന്നും മന്ത്രി പറഞ്ഞു. കഞ്ഞിക്കുഴി സ്വദേശികളായ പൂജാകർമങ്ങൾ ചെയ്യുന്ന 11 പേർ അടങ്ങുന്ന ഹരിത മുന്നേറ്റ കാര്‍ഷിക സംഘമാണ് പഞ്ചായത്തിന്റെ നെല്‍കൃഷിയും പച്ചക്കറി കൃഷിയും ഏറ്റെടുത്ത് നടത്തുന്നത്. പൂജാ കാര്യങ്ങള്‍ ചെയ്യുന്നവര്‍ ഒരു സംഘമായി കാര്‍ഷിക വൃത്തിയിലേക്ക് വരുന്നത് പുതുമയുള്ള കാര്യമാണ്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാ വിഭാഗം ആളുകളും കൃഷിയിലേക്ക് ഇറങ്ങി തിരിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

മൂന്ന് ഏക്കര്‍ പാടത്താണ് നെല്‍കൃഷി ചെയ്യുന്നത്. ഒന്നര ഏക്കര്‍ സ്ഥലത്ത് വാഴ, കപ്പ, ഇഞ്ചി, പയര്‍, പാവല്‍, വെണ്ട എന്നിവയും കൃഷി ചെയ്യും. കൃഷിക്കാവശ്യമായ നടീല്‍ വസ്തുക്കളും വളവും പഞ്ചായത്ത് നല്‍കും. പഞ്ചായത്തിന്റെ സബ്സിഡിയും കര്‍ഷകര്‍ക്ക് ലഭിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി രാജു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. പ്രസന്നന്‍, പഞ്ചായത്തംഗം ലക്ഷ്മിക്കുട്ടി, കൃഷി അസിസ്റ്റന്റ് സുരേഷ്, ബ്രഹ്‌മശ്രീ പറവൂര്‍ രാകേഷ് തന്ത്രികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.