ആലപ്പുഴ: കുറഞ്ഞ ചെലവില്‍ മികച്ച ഭക്ഷണം നല്‍കുന്നതിലൂടെ വിശപ്പ് രഹിത കേരളം- സുഭിക്ഷ ഭക്ഷണശാലകള്‍ സാധാരണക്കാര്‍ക്ക് കൈത്താങ്ങായിമാറുകയാണെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍. ചേര്‍ത്തല നഗരസഭയില്‍ പുതുതായി ആരംഭിച്ച സുഭിക്ഷ ഭക്ഷണശാലയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

നഗരപ്രദേശങ്ങളില്‍ ജോലിക്ക് പോകുന്നവര്‍, പാരലല്‍ കോളേജുകളില്‍ ഉള്‍പ്പെടെ പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍, ഒരു നേരത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്ന സാധാരണക്കാര്‍ തുടങ്ങിയവര്‍ക്കെല്ലാം ഭക്ഷ്യ ലഭ്യത ഉറപ്പുവരുത്തുകയാണ് ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

പരിമിതമായ സൗകര്യങ്ങള്‍ക്കിടയിലും സാധാരണക്കാര്‍ക്ക് സുരക്ഷിതവും ഗുണപ്രദമായ ഭക്ഷണം നല്‍കാന്‍ സുഭിക്ഷ ഭക്ഷണശാലകള്‍ക്ക് സാധിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ സ്ഥാപിക്കുന്ന ഇത്തരം ഭക്ഷണശാലകള്‍ ജനജീവിതം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് തൈക്കല്‍ സത്താര്‍ സുഭിക്ഷ ഭക്ഷണശാലയിലെ ആദ്യ കൂപ്പണ്‍ മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. ചേര്‍ത്തല നഗരസഭാധ്യക്ഷന്‍ വി.ടി ജോസഫ്, വാര്‍ഡ് അംഗം വി. സുരേഷ് കുമാര്‍, ജില്ല സപ്ലൈ ഓഫീസര്‍ മുരളീധരന്‍ നായര്‍, ചേര്‍ത്തല താലൂക്ക് സപ്ലൈ ഓഫീസര്‍ ആര്‍. ശാന്തി തുടങ്ങിയവര്‍ പങ്കെടുത്തു.

ചൈത്രം വനിത സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തിലാണ് ചേര്‍ത്തല മുട്ടം പള്ളിക്ക് എതിര്‍വശത്തായി സുഭിക്ഷ ഭക്ഷണശാല പ്രവര്‍ത്തിക്കുന്നത് ഉച്ചയ്ക്ക് 12 മണി മുതലാണ് പ്രവര്‍ത്തനം. ഉച്ചയൂണ് മാത്രമാണ് സുഭിക്ഷയിലൂടെ ലഭ്യമാകുക. ഒരു ഊണിന് 20 രൂപയാണ് വിലയെങ്കിലും പണം കൈയ്യിലില്ലാത്തവര്‍ക്ക് ഭക്ഷണം സൗജന്യമായി കഴിക്കാം. താല്‍പര്യമുള്ളവര്‍ക്ക് ഭക്ഷണം സ്പോണ്‍സര്‍ ചെയ്യാനുള്ള സൗകര്യവുമുണ്ട്. ചോറ്, സാമ്പാര്‍, തൊടുകറി, തോരന്‍, അച്ചാര്‍ എന്നിവയാണു വിഭവങ്ങള്‍. കൊറോണ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഭക്ഷണം പാര്‍സല്‍ ആയാണ് ഇപ്പോള്‍ നല്‍കുന്നത്.