അടിസ്ഥാന സൗകര്യങ്ങളില്ലാത്ത വില്ലേജ് ഓഫീസുകള്‍ സമയബന്ധിതമായി നവീകരിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. കഠിനംകുളത്ത് പുതുതായി നിര്‍മിച്ച ഹൈടെക് വില്ലേജ് ഓഫീസിന്റെ കെട്ടിടം നാടിനു സമര്‍പ്പിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനപക്ഷ-ജനസൗഹൃദസമീപനമാണ് സര്‍ക്കാരിന്റേത്. ജനങ്ങള്‍ ജീവനക്കാരോടും നന്നായി പെരുമാറുകയും ഇടപെടുകയും ചെയ്യണമെന്നും തങ്ങളില്‍നിന്ന് വേറിട്ടുനില്‍ക്കുന്നവരല്ല ഉദ്യോഗസ്ഥരെന്നു മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷംതോറും 40-50 വില്ലേജ് ഓഫീസുകള്‍ പുതുതായി നിര്‍മിക്കുകയാണ് ലക്ഷ്യം. ജില്ലാ കളക്ടര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഭൗതികസാഹചര്യം മോശമായ വില്ലേജ് ഓഫീസുകള്‍ക്ക് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടം നിര്‍മിക്കും. ജീവനക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുന്നതിനൊപ്പം പൊതുജനങ്ങളോട് അവര്‍ നന്നായി പെരുമാറണമെന്നും മികച്ചസേവനം നല്‍കണമെന്നും ജനങ്ങള്‍ക്കു വേണ്ടി അല്ലാത്തതൊന്നും ജനാധിപത്യത്തില്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു.
കഠിനംകുളത്ത് ഹൈടെക് വില്ലേജ് ഓഫീസ് നിര്‍മിച്ചതിനൊപ്പം പത്തുവര്‍ഷമായി പ്രവര്‍ത്തനരഹിതമായി കിടന്ന മുദാക്കല്‍ വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത് അഭിനന്ദനാര്‍ഹമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി പറഞ്ഞു.
ഭിന്നശേഷി സൗഹൃദമായ ഓഫീസില്‍ അത്യാധുനിക സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.  ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിഫ ബീഗം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഫെലിക്‌സ്, ജില്ലാ പഞ്ചായത്തംഗം എം. ജലീല്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമ കബീര്‍, എ.ഡി.എം. ജോണ്‍ വി. സാമുവല്‍, തഹസില്‍ദാര്‍ ജി.കെ. സുരേഷ്‌കുമാര്‍, വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷിനേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.