നെയ്യാറ്റിൻകര – പാറശാല ദേശീയപാത എൻ.എച്ച് 66-ന്റെ ഓരത്ത് പണിതീർത്ത ടൂറിസം ഫെസിലിറ്റേഷൻ സെന്ററിന്റെ നടത്തിപ്പിനും മേൽനോട്ടത്തിനുമായി 28.07.2017-ലെ ഗവൺമെന്റ് ഉത്തരവ് പ്രകാരം ടൂറിസം ഡിപ്പാർട്ട്‌മെന്റ് കെ.ടി.ഡി.സിയ്ക്ക് കൈമാറുകയുണ്ടായി. കെ.ടി.ഡി.സി ഇതിനെ സൗകര്യങ്ങളും മോടിയും കൂട്ടി ‘മോട്ടൽ ആരാം’ എന്ന ബ്രാൻഡിലേക്ക് ഉയർത്തി പ്രവർത്തനം ആരംഭിച്ചു. ഇരുപത്തിയഞ്ച് ലക്ഷത്തോളം രൂപ ചെലവഴിച്ച് ഉപഭോക്താക്കൾക്കുവേണ്ടി സൗകര്യങ്ങൾ ഒരുക്കിയാണ് മോട്ടൽ ആരാം, പാറശാലയിൽ പ്രവർത്തനം ആരംഭിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം ബഹു: ടൂറിസം വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേക്കും തിരിച്ച് തിരുവനന്തപുരത്തേയ്ക്കും റോഡ് മാർഗം സഞ്ചരിക്കുന്ന യാത്രക്കാർക്കും, വിനോദസഞ്ചാരികൾക്കും വിശ്രമിക്കുന്നതിനും, വൃത്തിയുള്ള സാഹചര്യത്തിൽ ഭക്ഷണം കഴിക്കുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ആധുനിക രീതിയിൽ തയ്യാറാക്കിയിട്ടുള്ള ശീതീകരിച്ച രണ്ട് മുറികളും 60 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന ഒരു റസ്റ്റോറന്റും വൃത്തിയുള്ള ടോയിലറ്റുകളും, വിശാലമായ വാഹനപാർക്കിംഗ് സൗകര്യങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. മനോഹരമായി ലാന്റ് സ്‌കെയ്പ് ചെയ്ത മോട്ടൽ ആരാമിൽ കുട്ടികൾക്കുള്ള കളിസ്ഥലവും, ഐസ്‌ക്രീം പാർലറും ഒരുക്കിയിട്ടുണ്ട്. വലിയ ബസുകൾ പാർക്ക് ചെയ്യുന്നതിനും എളുപ്പത്തിൽ അവ തിരിയ്ക്കാനുമുള്ള സൗകര്യവും ഇവിടെയുണ്ട്. മിത നിരക്കിലുള്ള ഭക്ഷണം, വൃത്തിയുള്ള അന്തരീക്ഷം ഇവയൊക്കെയാണ് കെ.ടി.ഡി.സിയുടെ സേവനം ആഗ്രഹിക്കുന്നവർക്കായി കാത്തിരിക്കുന്നത്.
കേരളത്തിൽ കെ.ടി.ഡി.സിയുടെ തെക്കേയറ്റത്തുള്ള യാണിറ്റാണ് പാറശാലയിൽ തുടങ്ങുന്നത്. കെ.ടി.ഡി.സിയ്ക്ക് പാറശാലയിൽ മോട്ടൽ തുടങ്ങുന്നതോടുകൂടി 11 മോട്ടലുകളായി മാറും. അതുകൂടാതെ 8 പ്രിമിയം ഹോട്ടലുകളും 8 ബജറ്റ് ഹോട്ടലുകളും 2 ടാമറിന്റ് ഈസി ഹോട്ടലുകളും ഉൾപ്പെടെ മുപ്പതോളം ഹോട്ടലുകളും, മറ്റ് ടൂറിസം സൗകര്യങ്ങളുൾപ്പെടെ എഴുപതോളം യൂണിറ്റുകളാണ് കെ.ടി.ഡി.സിയ്ക്കുള്ളത്.
ചടങ്ങിൽ സ്ഥലം എം.എൽ.എ സി.കെ.ഹരീന്ദ്രൻ അധ്യക്ഷനായി. കെ.ടി.ഡി.സി ചെയർമാൻ ശ്രീ എം.വിജയകുമാർ, കെ.ടി.ഡി.സി എം.ഡി രാഹുൽ.ആർ IRS, ജില്ലാ പഞ്ചായത്ത് അംഗം ബെൻഡാർവിൻ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.സലൂജ, തുടങ്ങിയവർ സന്നിഹിതരായിരുന്നു.