സുഭിക്ഷ കേരളം പദ്ധതിയില്‍ കൃഷി വകുപ്പ് ഉല്‍പ്പാദിപ്പിച്ചതും കര്‍ഷകരില്‍ നിന്നും സംഭരിച്ചതുമായ 4.84 ലക്ഷം ഫവലൃക്ഷത്തൈകളും വനം വകുപ്പ് തയ്യാറാക്കിയ മൂന്നു ലക്ഷത്തോളം വൃക്ഷത്തൈകളുമാണ് അതാത് കൃഷി ഭവനുകള്‍ വഴി വിതരണം ചെയ്യുന്നത്.  ആവശ്യക്കാര്‍ അപേക്ഷ കൃഷി ഭവനുകളില്‍ നേരിട്ട് നല്‍കുകയോ fruitplantspathanamthitta@gmail.comഎന്ന മെയില്‍ വിലാസത്തില്‍ അപേക്ഷ രജിസ്റ്റര്‍ ചെയ്യുകയോ വേണം.
 ടിഷ്യൂ കള്‍ച്ചര്‍ വാഴകള്‍, വാഴ വിത്തുകള്‍, പ്‌ളാവ്, മാവ്, മുരിങ്ങ, കറിവേപ്പ്, കുടംപുളി, നെല്ലി, നാരകം, കറിനാരകം ഞാവല്‍, റമ്പുട്ടാന്‍, അരിനെല്ലി, പേര, ലക്ഷ്മിതരു മുതലായ ഫലവൃക്ഷത്തൈകളും കണിക്കൊന്ന, ഇലഞ്ഞി, ടെക്കോമ, ജക്കരാന്ത, ചമത തുടങ്ങിയ പൂമരങ്ങളും കൂവളം, നീര്‍മരുത്, വേപ്പ്, ദന്തപ്പാല, ഇലിപ്പ, രക്തചന്ദനം, കരിങ്ങാലി തുടങ്ങിയ ഔഷധ സസ്യങ്ങളും തേക്ക്, താന്നി, കമ്പകം തുടങ്ങിയ തടി വൃക്ഷത്തൈകളുമാണ് വിതരണം ചെയ്യുന്നത്. ടിഷ്യൂ കള്‍ച്ചര്‍ വാഴത്തൈകള്‍ക്ക് 25 ശതമാനം വില ഉപയോക്താവ് നല്‍കണം.  ബാക്കിയുള്ള തൈകള്‍ എല്ലാം തന്നെ സൗജന്യമായി വിതരണം ചെയ്യും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് നഴ്‌സറികളില്‍ നിന്നും തൈകള്‍ വിതരണത്തിനായി കൃഷി ഓഫീസുകളില്‍ എത്തിക്കുന്നതും നടീലിനായി കണ്ടെത്തിയ സ്ഥലങ്ങളില്‍ എത്തിക്കുന്നതും.  കൃഷി, വനം-ക്ഷീരവികസനം, തദ്ദേശ സ്വയംഭരണം, യുവജനക്ഷേമം, വിദ്യാഭ്യാസം, റവന്യൂ, സഹകരണം തുടങ്ങിയ വകുപ്പുകളും കെ.എസ്.ഇ.ബി, പി.സി.കെ തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളും ഒന്ന് ചേര്‍ന്ന് കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ്  ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തൈ നടീലും വിതരണവും നടത്തുന്നത്. പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ ഏകീകരിക്കും.