ആലപ്പുഴ : ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്കായി വീടുകളില്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിന്റെ കരുതല്‍. പ്രദേശത്തെ വായനശാലകള്‍, കമ്മ്യൂണിറ്റി ഹാളുകള്‍ എന്നിവ കേന്ദ്രീകരിച്ച് ടെലിവിഷന്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങളാണ് കുട്ടികള്‍ക്കായി പഞ്ചായത്ത് ഒരുക്കി നല്‍കുന്നത്. ടെലിവിഷന്‍, ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ എന്നിവ ഇല്ലാത്ത നൂറിലധികം വിദ്യാര്‍ത്ഥികള്‍ ഉണ്ടെന്ന സ്‌കൂള്‍ അധികൃതരുടെ അറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് സഹായവുമായി പഞ്ചായത്ത് രംഗത്തെത്തിയത്.

ഇരുപത്തിമൂന്ന് വാര്‍ഡുകളിലായി ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ കൂട്ടായ്മയില്‍ ആദ്യഘട്ട സംവിധാനം ഒരുക്കി നല്‍കി. തണ്ണീര്‍മുക്കം ഗൃഹപാഠശാല എന്ന പേരിലുള്ള ഓണ്‍ലൈന്‍ പഠന സഹായ പദ്ധതിയുടെ ഉദ്ഘാടനം അഡ്വ.എ.എം ആരിഫ് എം.പി നിര്‍വ്വഹിച്ചു.

ആദ്യഘട്ടമായി പ്രദേശത്തെ എസ്. എന്‍. ഡി. പി. ഹാള്‍, പരിവര്‍ത്തന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്, എ. കെ. ജി. വായനശാല, വല്യാകുളം, വാരനാട് സ്‌കൂളുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെ മുപ്പത്തി ആറോളം കേന്ദ്രങ്ങളിലാണ് ടെലിവിഷനും ഇന്റര്‍നെറ്റ് സംവിധാനവും ഒരുക്കി നല്‍കിയതെന്നു പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി. എസ് ജ്യോതിസ് പറഞ്ഞു. നിലവില്‍ കേബിളുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ സൗജന്യ കേബിള്‍ സംവിധാനം ഒരുക്കാന്‍ കെ.എം.സി.എന്‍, ആലപ്പിവിഷന്‍ ചാനലുകളും തയ്യാറായിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

സംസ്ഥാന യുവജനക്ഷേമബോര്‍ഡ്, അക്ഷയകേന്ദ്രം, ക്ലബ്ബുകള്‍, വ്യക്തികള്‍ എന്നിവ ഇതിനകം ആറോളം പുതിയ ടി.വിയും നല്‍കിയിട്ടുണ്ട്. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സിന്ധുവിനു, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷമാരായ രമാമദനന്‍, സുധര്‍മ്മസന്തോഷ്, ബിനിത മനോജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാനുസുധീന്ദ്രന്‍, എന്‍.വി ഷാജി, സുനിമോള്‍, ഉഷാകുമാരി, പഞ്ചായത്ത് സെക്രട്ടറി പി.സി സേവ്യര്‍, അസിസ്റ്റന്റ് സെക്രട്ടറി സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.