ആലപ്പുഴ: തോട്ടപ്പള്ളി പൊഴിമുഖം സന്ദര്‍ശിച്ച ജില്ലകളക്ടര്‍ എ.അലക്സാണ്ടര്‍ മണ്ണ് നീക്കല്‍ ജോലികളുടെ പുരോഗതി വിലയിരുത്തി. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അദ്ദേഹം സ്ഥലത്ത് എത്തിയത്. കുട്ടനാട്ടില്‍ പ്രളയ സാധ്യത ഉണ്ടായാല്‍ വെള്ളം വേഗത്തില്‍ കടലിലേക്ക് ഒഴുക്കി വിടാവുന്ന സാഹചര്യമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് തോട്ടപ്പള്ളിയിലെ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്.

സ്പില്‍ വേക്ക് പടിഞ്ഞാറ് പൊഴിക്കു വീതികൂട്ടി ആഴം വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തികളാണ് ഇവിടെ നടക്കുന്നത്. പൊഴിയില്‍ അടിഞ്ഞ മണല്‍ ഒരു വശത്തേക്ക് നീക്കി വയ്ക്കുന്ന ജോലികള്‍ വടക്ക് ഭാഗത്ത് പുരോഗമിക്കുന്നതും അദ്ദേഹം പരിശോധിച്ചു. സ്പില്‍ വേക്ക് കിഴക്കുവശത്തെ തടസ്സങ്ങളും ചെളിയും നീക്കുന്ന ജോലികളും അദ്ദേഹം ചോദിച്ചറിഞ്ഞു. സ്പില്‍ വേക്ക് കിഴക്ക് ഭാഗത്തെ ലീഡിങ് ചാനല്‍ തടസ്സങ്ങള്‍ നീക്കുന്ന ജോലികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശിച്ചു. ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അരുണ്‍ കെ.ജേക്കബ് കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.