ദൂരദർശൻ അങ്കണത്തിൽ വനം മന്ത്രി തൈകൾ നടും

ലോക പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് വനംവകുപ്പ് തയ്യാറാക്കിയ വൃക്ഷത്തൈകളുടെ സംസ്ഥാനതല വിതരണത്തിന് വനംമന്ത്രി അഡ്വ കെ രാജു ഇന്ന് (ജൂൺ 5) തുടക്കം കുറിക്കും. തിരുവനന്തപുരം കുടപ്പനക്കുന്ന് ദൂരദർശൻ കേന്ദ്രവളപ്പിൽ രാവിലെ 9.30ന് നടക്കുന്ന ചടങ്ങിൽ തൈ നട്ടുകൊണ്ട് പരിസ്ഥിതിദിനാചരണ പരിപാടികൾക്കും മന്ത്രി തുടക്കമിടും.

സാമൂഹ്യവനവത്ക്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിലും പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായുള്ള വൃക്ഷത്തൈ വിതരണവും നടീലും ഇതിനോടനുബന്ധിച്ച് നടക്കും. കോവിഡ്  മാർഗനിർദ്ദേശങ്ങൾ കർശനമായി  പാലിച്ചും വിപുലമായ പരിപാടികൾ ഒഴിവാക്കിയുമാണ് വകുപ്പ് ഇത്തവണ പരിസ്ഥിതി ദിനം ആചരിക്കുക.

ദിനാചരണത്തോടനുബന്ധിച്ച് ഹരിതരകേരളം പദ്ധതിയുടെ ഭാഗമായി 57.7 ലക്ഷം വൃക്ഷത്തൈകളാണ് വിതരണത്തിനായി തയ്യാറാക്കിയത്. ഇതിൽ 47 ലക്ഷം തൈകൾ തദ്ദേശസ്വയംഭരണ വകുപ്പു മുഖേന സൗജന്യമായി വിതരണം ചെയ്യും. പരിസ്ഥിതി ദിനത്തിൽ തുടങ്ങി ജൂലൈ മാസത്തിലെ വനമഹോത്സവം വരെയുള്ള കാലയളവിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ, സർക്കാർ-സർക്കാരിതര സ്ഥാപനങ്ങൾ, യുവജന സംഘടനകൾ, മതസ്ഥാപനങ്ങൾ, മാധ്യമങ്ങൾ എന്നിവർക്ക് തൈകൾ സൗജന്യമായി ലഭിക്കും.

വനമഹോത്സവത്തിന്റെ ഭാഗമായി ആദിവാസി കോളനികൾ, വനസംരക്ഷണ സമിതി/ ഇക്കോഡെവലപ്പ്‌മെന്റ് കമ്മിറ്റികൾ എന്നിവയുടെ പരിധിയിൽ വരുന്ന വനമേഖലകൾ, വനപ്രദേശങ്ങളുടെ പുനസ്ഥാപനം എന്നിവയ്ക്കായി സാമൂഹ്യ വനവത്ക്കരണ വിഭാഗം 10.7 ലക്ഷം വൃക്ഷത്തൈകളാണ് വിതരണം ചെയ്യുക.

വനം വകുപ്പിന്റെ സാമൂഹ്യവനവത്ക്കരണ വിഭാഗം തയ്യാറാക്കിയ 57.7 ലക്ഷം തൈകളിൽ 24.89 ലക്ഷം ഫലവൃക്ഷത്തൈകളും 5.78 ലക്ഷം പുഷ്പിക്കുന്നവയും 7.84 ലക്ഷം ഔഷധ സസ്യങ്ങളും 3.77 ലക്ഷം സമുദ്ര/നദീതട സംരക്ഷണത്തിന് ഉപയോഗപ്രദമായതും തൈകൾ 15.37 ലക്ഷം തടിയുപയോഗത്തിനുള്ളവയുമാണ്. മാവ്, ഞാവൽ, പുളി, പ്ലാവ്, അമ്പഴം, സപ്പോട്ട, മാതളം, റംപുട്ടാൻ, മുരിങ്ങ, കണിക്കൊന്ന, മന്ദാരം, മഞ്ചാടി, മണിമരുത്, കുന്നിവാക,തേക്ക്, ഈട്ടി, കുമ്പിൾ, പൂവരശ്, അഗത്തിചീര, ദന്തപാല, മുള തുടങ്ങി നാൽപതോളം ഇനം വൃക്ഷത്തൈകളാണ് ഇക്കുറി വിതരണത്തിനായി തയാറാക്കിയത്.

ചടങ്ങിൽ ഡോ ശശി തരൂർ എംപി, വി.കെ.പ്രശാന്ത് എം എൽ എ, മേയർ കെ ശ്രീകുമാർ, വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസ്, മുഖ്യവനംമേധാവി പി. കെ.കേശവൻ, പി.സി. സി. എഫ്.ഇ പ്രദീപ് കുമാർ, സി. എഫ്. ഐ സിദ്ദീഖ്, കൗൺസിലർ അനിത.എ, ദൂരദർശൻ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ എസ്. സഞ്ജീവ്, ഡി.സി.എഫ്.വൈ.എം ഷാജികുമാർ തുടങ്ങിയവർ സംബന്ധിക്കും.