കൊല്ലം: കോവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനത്തില്‍ എല്ലാ രാഷ്ട്രീയ കക്ഷി നേതാക്കളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പ്രവാസികളുടെ മടങ്ങിവരവ് വര്‍ധിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ജില്ലയിലെ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളുമായി കലക്‌ട്രേറ്റില്‍ നടത്തിയ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

വിദേശത്ത് കൂടുതല്‍ പേര്‍ ജില്ലയില്‍ എത്തുമ്പോള്‍ പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ രോഗികളില്‍ നിന്നും സമൂഹത്തിലേക്ക് വ്യാപനം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധയോടെയുള്ള സമീപനം സ്വീകരിക്കേണ്ടതുണ്ട്. ഇത്തരം സാഹചര്യത്തില്‍ രാഷ് ട്രീയകക്ഷി നേതാക്കള്‍ സമൂഹത്തില്‍ ബോധവത്കരണത്തിനും ജനങ്ങളുടെ സഹകരണം ഉറപ്പാക്കുന്നതിനും മുന്‍കൈ എടുക്കണം.

കൂടുതല്‍ ഗൃഹനിരീക്ഷണം ആവശ്യമാകുന്ന സാഹചര്യത്തില്‍ ഒഴിഞ്ഞുകിടക്കുന്ന വീടുകളും സ്ഥാപനങ്ങളും ഏറ്റെടുക്കുന്നതിനും ശാസ്ത്രീയമായ സംവിധാനം ഒരുക്കുന്നതിനും സാധിക്കണം. ജില്ലയാകെ ലോക്ക് ഡൗണാക്കി അടച്ചിടുക പ്രായോഗികമല്ല. പൗരന് ഉപജീവന മാര്‍ഗത്തിനുള്ള സൗകര്യം അനുവദിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്.

നിലവില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജാണ് കൊറോണ സെന്ററായി പ്രവര്‍ത്തിക്കുന്നത്. ഇവിടെ എത്തുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാവുന്ന പക്ഷം പ്ലാന്‍ ബി യില്‍ ഉള്‍പ്പെടുത്തി ജില്ലാ ആശുപത്രിയും കൊറോണ ചികിത്സക്കായി ഉപയോഗപ്പെടുത്തും.

ജില്ലയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സൗകര്യം ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ഉടന്‍ അത് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ലോക്ക് ഡൗണ്‍ കാലയളവില്‍ സംസ്ഥാനത്ത് വിവിധ ക്ഷേമപദ്ധതികളിലായി 5828 കോടി രൂപയാണ് സര്‍ക്കാര്‍ ജനങ്ങളുടെ കൈകളില്‍ എത്തിച്ചത്. റേഷന്‍ കിറ്റ് ഇനത്തില്‍ 879 കോടി രൂപയും ചെലവഴിച്ചുവെന്നും മന്ത്രി പറഞ്ഞു.

ജനങ്ങള്‍ക്കിടയില്‍ കോവിഡുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപിട സ്വീകരിക്കുമെന്നും ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ബോധവത്കരണം നടത്തുമെന്നും  കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ പറഞ്ഞു.

ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ എക്‌സ് ഏണസ്റ്റ്, തൃദീപ് കുമാര്‍, എ യൂനുസ് കുഞ്ഞ്, ടി കെ സുല്‍ഫി, ശ്രീനാഥ്, താമരക്കുളം സലീം, നയാസ് മുഹമ്മദ്, തടത്തിവിള രാധാകൃഷ്ണന്‍, ഡി എം ഒ ഡോ.ആര്‍ ശ്രീലത, ജില്ലാ ലേബര്‍ ഓഫീസര്‍ എ ബിന്ദു, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ചാര്‍ജ് നീന എന്‍ രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.