കൈറ്റ് വിക്ടേഴ്സ് ചാനൽ കേബിൾ ശൃംഖലകളിൽ ലഭ്യമാക്കിയ കേബിൾ, ഡി.റ്റി.എച്ച് ഓപ്പറേറ്റർമാർക്ക് നന്ദി രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കൈറ്റ് വിക്ടേഴ്സ് ചാനൽ നേരത്തെതന്നെ ഏഷ്യാനെറ്റ് ഡിജിറ്റൽ, കേരള വിഷൻ, ഡെൻ നെറ്റ്വർക്ക്, ഡിജി മീഡിയ, സിറ്റി ചാനൽ തുടങ്ങിയ കേബിൾ ശൃംഖലകളിൽ ലഭ്യമാക്കിയത് കുട്ടികൾക്ക് വളരെ പ്രയോജനപ്രദമായിരുന്നു.

ഓൺലൈൻ ക്ലാസുകൾ എല്ലാ കുട്ടികളിലേക്കുമെത്താനായി കൈറ്റ് വിക്ടേഴ്സ് ചാനൽ ഡിടിഎച്ച് ശൃംഖലയിലും ഉൾപ്പെടുത്താൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് നേരത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് കേന്ദ്ര മാനവശേഷി വകുപ്പിനും കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രിക്കും കത്തയച്ചിരുന്നു. അനുകൂല പ്രതികരണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

എന്നാൽ, തുടർച്ചയായി പൊതുവിദ്യാഭ്യാസ വകുപ്പും കൈറ്റും വരിക്കാരുമെല്ലാം ആവശ്യപ്പെട്ടതനുസരിച്ച് ഇപ്പോൾ ഡിടിഎച്ച് ശൃംഖലകളിൽ കൈറ്റ് വിക്ടേഴ്സ് ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ഈ പ്രതിസന്ധിഘട്ടത്തിൽ കേരളത്തോടൊപ്പം നിന്ന ഡിഷ് ടിവി, ഡി2എച്ച്, സൺ ഡയറക്ട്, ടാറ്റാ സ്‌കൈ, എയർടെൽ എന്നീ ഡിടിഎച്ച് സേവന ദാതാക്കളോടും സർക്കാരിന്റെ നന്ദി മുഖ്യമന്ത്രി അറിയിച്ചു.

കേരള വിഷൻ ഡിജിറ്റൽ ടിവിയിൽ രണ്ട് ചാനലുകളിലായി വിക്ടേഴ്സ് സംപ്രേഷണം ആരംഭിച്ചിട്ടുണ്ട്. പിന്നോക്കാവസ്ഥയുള്ള കേബിൾ ടിവി കണക്ഷനില്ലാത്ത വിദ്യാർത്ഥികളുടെ വീടുകളിലേക്ക് സൗജന്യ കേബിൾ കണക്ഷൻ നൽകാൻ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തീരുമാനിച്ചതിൽ നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഓൺലൈൻ പഠനത്തിന് സൗകര്യങ്ങളില്ലാത്ത കുട്ടികൾക്കായി വിവിധ സംഘടനകളും സ്ഥാപനങ്ങളും സൗകര്യങ്ങൾ ഒരുക്കുന്നതിന് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സഹകരണ സംഘങ്ങളുടെ പരിധിയിലെ അർഹരായ വിദ്യാർത്ഥികൾക്ക് ടെലിവിഷൻ സൗകര്യം ഏർപ്പെടുത്തുന്നതിന് അനുമതി നൽകി സഹകരണ വകുപ്പ് ഉത്തരവായിട്ടുണ്ട്. കെഎസ്ടിഎ ആദ്യഘട്ടത്തിൽ 2500 ടെലിവിഷനുകളും കേരള എൻജിഒ യൂണിയൻ 50 ലക്ഷം രൂപയുടെ ടെലിവിഷനുകളുമാണ് വാങ്ങി നൽകുന്നത്.

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് 50 ലക്ഷം രൂപ ടെലിവിഷൻ വാങ്ങുന്നതിനായി അനുവദിച്ചു. കേരള ഗസ്റ്റഡ് ഓഫീസേഴ്സ് അസോസിയേഷനും അപ്പോളോ ടയേഴ്സ് ലിമിറ്റഡും 100 വീതം ടെലിവിഷനുകൾ വാങ്ങിനൽകുമെന്ന് അറിയിച്ചിട്ടുണ്ട്. 2000 വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനസൗകര്യം ലഭ്യമാക്കുമെന്ന് വ്യവസായ വകുപ്പ് അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.