എറണാകുളം: ലോക് ഡൗൺ പ്രതിസന്ധിയിലാക്കിയ പരാതിക്കാർക്കു മുമ്പിൽ പരിഹാരവുമായി ജില്ലാ കളക്ടർ എസ്.സുഹാസ്. പരാതിക്കാർക്ക് നേരിട്ടെത്താൻ സാധിക്കാത്തതിനാല്‍  വീഡിയോ കോൺഫറൻസിലൂടെ പരിഹാരത്തിൻ്റെ ആശ്വാസം പകരുകയായിരുന്നു കളക്ടർ. കഴിഞ്ഞ ഡിസംബറില്‍ തുടക്കം കുറിച്ച സഫലം താലൂക്ക് തല പരാതി പരിഹാര അദാലത്താണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ പുനരാരംഭിച്ചത്. കോതമംഗലം താലൂക്കിലെ പരാതികളാണ് ഇന്നലെ കളക്ടറേറ്റിൽ  വീഡിയോ കോൺഫറൻസിലൂടെ നടന്ന പരാതി പരിഹാര അദാലത്തിൽ പരിഗണിച്ചത്. ഇൻറർനെറ്റ് ലഭിക്കുന്നതിൻ്റെ തകരാർ സംഭവിച്ചിടത്ത് കളക്ടർ ഫോണിൽ വിളിച്ച് പരാതി കേട്ടു.

കോതമംഗലം താലൂക്കിലെ 11 അക്ഷയ കേന്ദ്രങ്ങളിലെത്തിയ പരാതിക്കാര്‍ കളക്ടറേറ്റിലെ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തിലെ വീഡിയോ കോണ്‍ഫറന്‍സ് റൂമിലുള്ള കളക്ടര്‍ക്കു മുന്നില്‍ പരാതികള്‍ അറിയിച്ചു. ഉടനടി പരിഹരിക്കാവുന്ന പരാതികളില്‍ ബന്ധപ്പെട്ടവര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. അന്വേഷണം ആവശ്യമായവ അതത് വകുപ്പുകള്‍ക്ക് കൈമാറി.

പിണ്ടിമന അക്ഷയ കേന്ദ്രത്തിൽ നിന്നും കുര്യൻ കുരുവിളയാണ് വീഡിയോ കോൺഫറൻസിൽ ആദ്യം കളക്ടറുമായി സംസാരിച്ചത്. റോഡിൽ അപകടകരമായ രീതിയിൽ നിൽക്കുന്ന മരം മുറിച്ചു മാറ്റിത്തരണമെന്ന ആവശ്യമാണ് കുര്യനുണ്ടായിരുന്നത്. കാറ്റിലും മഴയിലും മരം കടപുഴകാൻ സാധ്യതയുണ്ടെന്ന ആശങ്കയും കുര്യൻ അറിയിച്ചു. പി.ഡബ്ലു.ഡി എക്സി.എഞ്ചിനീയർക്കു കത്തു നൽകി വേണ്ട നടപടി സ്വീകരിക്കാമെന്ന് കളക്ടർ കുര്യന് മറുപടി നൽകി.

വാരപ്പെട്ടി അക്ഷയ കേന്ദ്രത്തിൽ നിന്നും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത മുഹമ്മദിന് കാറ്റിലും മഴയിലും തകർന്ന തൻ്റെ വീട് പുനർ നിർമ്മിച്ചു കിട്ടുന്നില്ലെന്ന പരാതിയാണ് ഉണ്ടായിരുന്നത്. വാടകക്ക് താമസിക്കുന്ന മുഹമ്മദിന് വാടക നൽകാനുള്ള വരുമാനം പോലുമില്ല. നാട്ടുകാരുടെ സുമനസുകൊണ്ടാണ് വാടക നൽകുന്നത്. പ്രദേശത്തെ പഞ്ചായത്തംഗവും വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു. ലൈഫ് മിഷൻ വഴിയോ മറ്റെന്തെങ്കിലും സ്പോൺസർഷിപ്പ് വഴിയോ വീട് നൽകാമെന്ന് കളക്ടർ മുഹമ്മദിനും ഉറപ്പു നൽകി.

സംസ്ഥാന സർക്കാരിൻ്റെ ലൈഫ് മിഷൻ പദ്ധതിയിൽ അംഗമാക്കണമെന്ന ആവശ്യവുമായി നിരവധി പേർ അപേക്ഷയുമായെത്തി. പട്ടയത്തിനുള്ള അപേക്ഷകളും റേഷൻ കാർഡ് ബി.പി.എൽ ആക്കണമെന്ന അപേക്ഷകളും ഇന്നലെ പരിഗണിച്ചു. ഭർത്താവ് മരിച്ചിട്ട് അഞ്ച് വർഷമായിട്ടും വിധവാപെൻഷൻ ലഭിക്കുന്നില്ലെന്ന പരാതിയും ഇന്നലെയുണ്ടായി.

കുട്ടമ്പുഴയിലെയും കോട്ടപ്പടിയിലെ നാഗം ചേരിയിലെയും അക്ഷയ കേന്ദ്രങ്ങളിലെ ഇൻറർനെറ്റ് കണക്ഷൻ ഇടക്കുവച്ച് തകരാറിലായി. ഇവരെ ഫോണിൽ വിളിച്ച് കളക്ടർ പരാതി കേട്ടു.  ആകെ 26 പരാതികളാണ് പരിഗണിച്ചത്. വീഡിയോ കോൺഫറൻസ് വഴിയുള്ള ജില്ലയിലെ ആദ്യത്തെ പരാതി പരിഹാര അദാലത്ത് വിജയകരമായിരുന്നുവെന്ന് കളക്ടർ അറിയിച്ചു. മറ്റ് താലൂക്കുകളിലും ഇത്തരത്തിൽ അദാലത്ത് നടത്താൻ ശ്രമിക്കുമെന്നും കളക്ടർ പറഞ്ഞു.

ഡപ്യൂട്ടി കളക്ടർമാരായ എസ്.ഷാജഹാൻ, കെ.ടി.സന്ധ്യാദേവി, സുരേഷ് കുമാര്‍, പി.ബി.സുനിൽലാല്‍ എന്നിവരും ലൈഫ് മിഷൻ ജില്ലാ കോ ഓഡിനേറ്റർ ഏണസ്റ്റ് സി. തോമസും കോൺഫറൻസിൽ പങ്കെടുത്തു.