എറണാകുളം: ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുന്നത്തിനായി വിവിധവകുപ്പുകളെ കോര്‍ത്തിണക്കി ജില്ലയിൽ കൃഷിവ്യാപനം സാധ്യമാക്കുകയാണ് സുഭിക്ഷകേരളം പദ്ധതിയിലൂടെ കൃഷിവകുപ്പ്. തദ്ദേശ സ്വയംഭരണം, സഹകരണം, ക്ഷീരവികസനം, ഫിഷറീസ്, മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലാണ് സുഭിക്ഷകേരളം പദ്ധതി നടപ്പിലാക്കുന്നത്. തരിശ് രഹിത കൃഷിഭൂമി എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

നെല്ല്, പച്ചക്കറി, ചെറുധാന്യങ്ങള്‍, വാഴ, മരച്ചീനി മറ്റ് കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ എന്നിങ്ങനെ എല്ലാത്തരം കൃഷികളെയും പ്രോത്സാഹിപ്പിക്കുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിക്ക് കീഴില്‍ തരിശ് ഭൂമിയിലെ വിവിധ കൃഷികള്‍ക്കുള്ള സബ്‌സിഡികളില്‍ വര്‍ദ്ധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നെല്ല്, പച്ചക്കറി കൃഷികള്‍ക്ക് ഹെക്ടറിന് 40000 രൂപവരെ ധനസഹായം ലഭിക്കും. വീട്ടുവളപ്പിലെ കൃഷിക്കും പദ്ധതി ആനുകൂല്യം ലഭിക്കും.

വ്യക്തികള്‍, കുടുംബശ്രീ സംഘങ്ങള്‍, വിവിധ സ്വയംസഹായ സംഘങ്ങള്‍, പാടശേഖര സമിതി എന്നിങ്ങനെ എല്ലാ വിഭാഗത്തിലും സുഭിക്ഷകേരളം പദ്ധതിയുടെ കീഴില്‍ ആനുകൂല്യം നേടാം. വ്യക്തികള്‍ക്ക് പരമാവധി രണ്ട് ഹെക്ടര്‍ ഭൂമിയില്‍ സബ്‌സിഡി ലഭിക്കുമ്പോള്‍ വിവിധ ഗ്രൂപ്പുകള്‍ക്ക് രണ്ട് ഹെക്ടര്‍ പരിധിക്ക് മുകളിലും സബ്‌സിഡി ലഭിക്കും. ജില്ലയിലെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ കീഴിലുള്ള തരിശ് ഭൂമികളിലടക്കം പച്ചക്കറികൃഷി വ്യാപനം സാധ്യമാക്കാന്‍ ഇതിനകം പദ്ധതിയുലൂടെ സാധിച്ചു.