ആലപ്പുഴ: കിഫ്‌ബിയിലുൾപ്പെടുത്തിയുള്ള കനാൽ നവീകരണത്തിന്റെ ആദ്യഘട്ടം ഒക്ടോബറിൽ പൂർത്തിയാക്കണമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് നിർദേശം നൽകി. ജില്ലാ കളക്ടറുടെ ചേമ്പറിൽ വിളിച്ചുചേർത്ത ആലപ്പുഴ നഗര സമഗ്ര വികസന പദ്ധതി അവലോകനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വികസന പദ്ധതികൾ തീർക്കാൻ ലക്ഷ്യമിട്ട ഗണ്യമായ കാലയളവ് കോവിഡ് ലോക്ക് ഡൗൺ വേളയിൽ നഷ്ടമായി. മഴ കനക്കുംമുൻപ് കഴിയുന്നത്ര ജോലികൾ തീർക്കണമെന്ന് മന്ത്രി തോമസ് ഐസക്ക് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി.

ആദ്യ ഘട്ടത്തിൽ ഒൻപതു കനാലുകളിലായി 24 കി.മീറ്ററാണ് നവീകരിക്കേണ്ടത്. അതിൽ 18 കിലോമീറ്ററിൻറെ പണിപൂർത്തിയായിട്ടുണ്ടെന്ന് ഇറിഗേഷൻ അധികൃതർ അറിയിച്ചു. വാടക്കനാലിലെ ജോലി രണ്ടാഴ്ചക്കകം പൂർത്തിയാകും. മഴ പൂർണമായും മാറിനിന്നാൽ മാത്രമേ എ എസ് കനാലിലെ നവീകരണം തീർക്കാനാകൂ. കാപ്പിത്തോട്,ഷഡാമണി തോട് എന്നീ സബ് കനാലുകളുടെ നവീകരണ പ്രവർത്തനങ്ങൾ തുടരുകയാണ്. കനാലുകളിലെ പായൽ നീക്കം നടക്കുന്നു. പായൽ പെറുക്കി മാറ്റുന്നതിന് മൂന്നു വള്ളങ്ങളെയും തൊഴിലാളികളെയും നിയോഗിച്ചിട്ടുണ്ട്.

കനാൽ നവീകരണവും സൗന്ദര്യവത്‌കരണവും അതാത് പ്രദേശത്തെ മുനിസിപ്പൽ കൗൺസിലർമാരുമായി ഏകോപിച്ചാകണമെന്ന് മന്ത്രി ഇറിഗേഷൻ അധികൃതരോട് പറഞ്ഞു. സമഗ്ര വികസന പദ്ധതിയുടെ രണ്ടാം ഘട്ടം സെപ്റ്റംബറിൽ ആരംഭിക്കണമെന്ന് മന്ത്രി നിർദേശിച്ചു.

കനാൽ വശങ്ങളിൽ സൈക്ലിങ് പാത്ത്,നടപ്പാത തുടങ്ങിയ പദ്ധതികൾക്ക് എസ്റ്റിമേറ്റ് തയ്യാറായിട്ടുണ്ട്. തോടുകൾക്ക് സമീപം താമസിക്കുന്നവർക്ക് സൗജന്യമായി സെപ്റ്റിക്ക് ടാങ്ക് നൽകുന്ന അമൃത് പദ്ധതിയിൽ ഗുണഭോക്താക്കളെ ഉടൻ കണ്ടെത്തണമെന്ന് മന്ത്രി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. ശവക്കോട്ട പാലം, കൊമ്മാടി പാലം,നെഹ്രുട്രോഫി പാലം എന്നിവയ്ക്കുള്ള ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കും.ശവക്കോട്ടപ്പാലം.കൊമ്മാടിപ്പാലം എന്നിവിടങ്ങളിൽ കെ എസ് എബി യുമായി ബന്ധപ്പെട്ട കേബിളുകളും ലൈനുകളും നീക്കുന്നതിന് ഉടൻ നടപടിയെടുക്കും. വിവിധ പദ്ധതികൾക്കുള്ള സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ നിജസ്ഥിതിയും പുരോഗതിയും രണ്ടാഴ്ചയിലൊരിക്കൽ തന്നെ നേരിട്ടറിയിക്കണമെന്ന് അധികൃതർക്ക് മന്ത്രി നിർദേശം നൽകി.

കൊമ്മാടിപ്പാലത്തിന്റെ ജോലിക്ക് തടസമായ ഭൂമിക്കടിയിലൂടെയുള്ള കേബിൾ നീക്കുന്ന പ്രവർത്തനങ്ങൾ രണ്ടാഴ്ചക്കകം തീരുമെന്ന് വൈദ്യുതി ബോർഡ് അധികൃതർ അറിയിച്ചു. ഷഡാമണി തോടിന്റെ ഗതിമാറ്റത്തിന് കാരണമായ കലുങ്ക് നീക്കുന്നതിന് വേണ്ട നടപടികൾ ബന്ധപ്പെട്ടവർ കൈക്കൊള്ളാൻ മന്ത്രി നിർദേശിച്ചു. വികസന സൗന്ദര്യവത്കരണ നവീകരണ പ്രവർത്തനങ്ങളിൽ ടൂറിസം വകുപ്പിന്റെ സഹകരണവും ഇടപെടലും ഉണ്ടാകണം.

ലോക്ക് ഡൗണിൽ ഇളവുണ്ടായ ശേഷം മനുഷ്യ വിസർജ്ജ്യം നഗരത്തിൽ തള്ളുന്നത് തടയുന്നതിന് പോലീസിന്റെ ഇടപെടൽ ഉറപ്പാക്കാൻ കളക്ടർ എ അലക്‌സാണ്ടറിന് മന്ത്രി നിർദേശം നൽകി. മത്സ്യഫെഡ് ചെയർമാൻ പി പി ചിത്തരഞ്ജൻ, വിവിധ വകുപ്പ് ഉദ്യോസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.