ആലപ്പുഴ: കുട്ടനാട്ടിലെ വെള്ളപ്പൊക്ക പ്രതിരോധവുമായി ബന്ധപ്പെട്ട് കനാലുകൾ വൃത്തിയാക്കി ചെളി കോരി ബണ്ടുകൾ ബലപ്പെടുത്തുന്ന പ്രവര്‍ത്തികള്‍ ജൂണ്‍ 30ന് മുമ്പ് പൂര്‍ത്തിയാക്കാന്‍ ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ ബന്ധപ്പെട്ട ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കളക്ട്രേറ്റില്‍ ഇതുസംബന്ധിച്ച് നടന്ന യോഗത്തില്‍ കുട്ടനാട് പാക്കേജിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍, ഇറിഗേഷന്‍ വകുപ്പിന്‍റെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് അനുവദിച്ച തുക ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ യോഗം അവലോകനം ചെയ്തു. 2019 പ്രളയത്തിനു ശേഷം അറുന്നൂറോളം വലുതും ചെറുതുമായ പ്രവർത്തനങ്ങളാണ് ഇറിഗേഷൻ മേജർ,മൈനർ വിഭാഗങ്ങളുടെ നേതൃത്വത്തിൽ കുട്ടനാടുമായി ബന്ധപ്പെട്ട് നടക്കുന്നത്.
മഴ കനക്കുന്നതിനുമുമ്പ് പൂർത്തിയാക്കാൻ കഴിയുന്ന പദ്ധതികൾ സംബന്ധിച്ചും നീണ്ടുപോകാന്‍ സാധ്യതയുള്ള പദ്ധതികൾ സംബന്ധിച്ചും പ്രത്യേക പ്രത്യേക റിപ്പോര്‍ട്ട് തയ്യാറാക്കി നൽകണമെന്ന് ജില്ലാ കളക്ടർ യോഗത്തിൽ പറഞ്ഞു. 24 കോടി രൂപയുടെ ജോലികൾ വിവിധഭാഗങ്ങളിലായി ഇത്തരത്തില്‍ നടക്കുന്നുണ്ട്. മങ്കൊമ്പ് മാത്രം 480 ജോലികള്‍ നടക്കുന്നു. ഇവയെല്ലാം തന്നെ ടെൻഡറായിട്ടുള്ളതാണ്. ടെന്‍ഡര്‍ ചെയ്തെങ്കിലും കോവിഡ് മൂലം രണ്ടുമാസം പൂർണമായി പ്രവർത്തികൾ ഒന്നും നടത്താനായില്ലെന്ന് യോഗത്തില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജൂൺ 30 ന് മുമ്പ് പരമാവധി വർക്കുകൾ പൂർത്തിയാക്കണമെന്ന് ജില്ലാകളക്ടർ വിവിധ ഡിവിഷൻ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍മാര്‍ക്ക് നിർദ്ദേശം നൽകി. ഈ ജോലികൾ പൂര്‍ത്തിയായാല്‍ കനാലുകൾ ചെളി മാറി വൃത്തിയാവുകയും വെള്ളം ഒഴുക്ക് സുഗമമാവുകയും ചെയ്യുമെന്ന് കലക്ടർ പറഞ്ഞു. ഇറിഗേഷൻ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ സംബന്ധിച്ചു.