ആലപ്പുഴ: ബാപ്പു വൈദ്യർ ജങ്ഷൻ – റെയിൽവേ ട്രാക്ക് സീ വ്യൂ വാർഡ് കനാലിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ധനകാര്യ – കയർ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക് നവീകരണ പ്രവർത്തനങ്ങളുടെ ഉത്ഘാടനം നിർവഹിച്ചു. 4.75 കോടി രൂപ ചെലവിലാണ് കനാലിന്റെ നവീകരണം. കനാൽ നവീകരണത്തിന്റെ ഭാഗമായി കനാലിന്റെ ഇരുവശങ്ങളിലും നടപ്പാത, സൈക്കിൾ പാത, കുട്ടികൾക്കുള്ള കളി സ്ഥലം എന്നിവയും ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. നവീകരണ പ്രവർത്തനങ്ങൾ ഈ വര്ഷം തന്നെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

കനാലിൽ മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കാൻ പരിസരവാസികൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ പ്രത്യേകം കക്കൂസ് മാലിന്യ സംസ്കരണ കേന്ദ്രവും സ്ഥാപിക്കും. നഗരസഭാധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. നഗരസഭ അംഗങ്ങളായ കരോളിൻ പീറ്റർ, പ്രദീപ്കുമാർ ടി, ഉദ്യോഗസ്ഥരായ അരുൺ കെ ജേക്കബ്, എം. സി സജീവ് കുമാർ എന്നിവർ പങ്കെടുത്തു.