ആലപ്പുഴ: കുട്ടനാട് വെള്ളപ്പൊക്കഭീഷണി ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് തോട്ടപ്പള്ളി സ്പില്‍ വേയ്ക്ക് കിഴക്കോട്ട് വീയപുരം വരെയുള്ള ‍ ജല ബഹിര്‍ഗമന സൗകര്യം വര്‍ധിപ്പിക്കുന്നതിന് ഇപ്പോള്‍ നടന്നുവരുന്ന ചെളിനീക്കലും ആഴം കൂട്ടല്‍ നടപടികളും വേഗത്തിലാക്കാന്‍ ജലവിഭവ വകുപ്പുു മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. തോട്ടപ്പള്ളിയിലെ നിലവില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായും ബന്ധപ്പെട്ട മന്ത്രിമാരുമായി ഉന്നതതല ചര്‍ച്ച നടത്തുമെന്നും അതിന് ശേഷം കാര്യങ്ങള്‍ വിശദമായി പഠിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നും മന്ത്രി യോഗത്തില്‍ വ്യക്തമാക്കി. കുട്ടനാട്ടിലെ പ്രളയാഘാതം പരമാവധി കുറയ്ക്കുകയാണ് ഉദ്ദേശിക്കുന്നത്.

ലീഡിങ് ചാനലിന്‍റെ 11 കിലോമീറ്ററോളം വരുന്ന ഭാഗത്തെ തടസ്സങ്ങള്‍ നീക്കുന്നതിന് നിലവില്‍ 3 ഡ്രഡ്ജറുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇത് കൂടാതെ മൂന്നു ഡ്രഡ്ജറുകള്‍ കൂടി 18ാം തീയതിയോടെ തോട്ടപ്പള്ളിയില്‍ എത്തിക്കും. ഓരേ സമയം ആറ് ഡ്രഡ്ജറുകള്‍ പ്രവര്‍ത്തന ക്ഷമമാകുന്നതോടെ ലീഡിങ് ചാനലിന്റെ ജല നിര്‍ഗമന മാര്‍ഗ്ഗം സുഗമമാകും. നിലവിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതിനും ജല വിഭവ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ പ്രത്യേക ചുമതലകള്‍ നല്‍കി രണ്ടു മാസത്തേക്ക് നിയോഗിക്കാനും മന്ത്രി തല തീരുമാനമായി. ഇവിടത്തെ നിലവിലെ പ്രവര്‍ത്തനങ്ങളുടെ വര്‍ക്ക് പ്ലാന്‍ എത്രയും വേഗം തയ്യാറാക്കി മന്ത്രിക്കും ജല വിഭവ വകുപ്പ് സെക്രട്ടറിക്കും നല്‍കണം.

തോട്ടപ്പള്ളി ഷട്ടറിന്‍റെ 39 ഷട്ടറുകളും ഉയര്‍ത്താവുന്ന സ്ഥിതിയിലാണെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. ഒരെണ്ണത്തിന്‍റെ റബ്ബര്‍ ഗ്രൂവി്ന്റെ പ്രശ്നമാണ് നിലവിലുള്ളത് . ഇത് എത്രയും വേഗം പരിഹരിക്കും. കൂടാതെ നാല് ഷട്ടറുകള്‍ താഴെ വരെ എത്താത്ത സാഹചര്യമുണ്ട്. നിലവിലെ അടിയന്തിര സാഹചര്യം നേരിടാന്‍ ഇത് മണല്‍ച്ചാക്ക് വച്ച് അടച്ച് ഒരു കാരണവശാലും ഓരുവെള്ളം കയറാത്ത സാഹചര്യം ഉറപ്പുവരുത്താന്‍ മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കി. ഷട്ടറിന്റെ പ്രശ്നം പരിഹരിക്കാന്‍ പ്രവര്‍ത്തികള്‍ കരാര്‍ നല്‍കിയിട്ടുണ്ടെങ്കിലും മഴയില്‍ ജോലികള്‍ തുടരാനാവാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. ജലവിഭവ വകുപ്പ് സെക്രട്ടറി ബി.അശോക്,
ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍, ചീഫ് എന്‍ജിനിയര്‍ ഡി.ബിജു, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അരുണ്‍ കെ ജേക്കബ്, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എം.സി.സജീവ് കുമാര്‍, അഡീഷണല്‍ ജില്ല മജിസ്ട്രേറ്റ് ജെ.മോബി, ഡെപ്യൂട്ടി കളക്ടര്‍ ദുരന്ത നിവാരണം ആശാ സി.എബ്രഹാം, കെ.എം.എം.എല്‍. പ്രതിനിധികള്‍, ഐ.ആര്‍.ഇ പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

മന്ത്രി കൃഷ്ണൻകുട്ടി തോട്ടപ്പള്ളി സന്ദര്‍ശിച്ചു

ആലപ്പുുഴ: ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ചൊവ്വാഴ്ച രാവിലെ തോട്ടപ്പള്ളി സ്പില്‍ വേ സന്ദര്‍ശിച്ചു. ലീഡിങ് ചാനലിന്റെ ആഴം കൂട്ടലും ചെളി നീക്കം ചെയ്യുന്ന ജോലികളുടെയും പുരോഗതി വിലയിരുത്തി. കൂടാതെ തോട്ടപ്പള്ളി പൊഴിയുടെ ആഴം കൂട്ടുന്നതിന്‍റെയും വീതി കൂട്ടുന്നതിന്‍റെയും പ്രവര്‍ത്തനങ്ങള്‍ ചോദിച്ചറിഞ്ഞു. മന്ത്രി നിലവില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജലവിഭവ വകുപ്പ് സെക്രട്ടറി ബി.അശോക്, ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍, ചീഫ് എന്‍ജിനിയര്‍ ഡി.ബിജു, ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ മന്ത്രിയെ അനുഗമിച്ചു.