കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം പൂർണമായി ഹൈടെക്കായ സാഹചര്യത്തിൽ സംസ്‌കൃതപഠനത്തിന് കൂടുതൽ മികവ് കൈവരിക്കുക എന്ന ലക്ഷ്യത്തോടെ എസ്.സി.ഇ.ആർ.ടി സി.ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെ വികസിപ്പിച്ച ഇന്ററാക്ടീവ് ഡി.വി.ഡി ‘മധുവാണി’ പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പ്രകാശനം ചെയ്തു.

പ്രൈമറിതലം മുതൽ സംസ്‌കൃതം പഠിക്കുന്ന വിദ്യാർഥികൾക്കും സംസ്‌കൃതം പഠിക്കാനാഗ്രഹിക്കുന്ന മറ്റുള്ളവർക്കും ഉപകാരപ്രദമാണ്.  സംസ്‌കൃതപഠനം സരളവും സരസവുമാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.  അക്ഷരമാല മുതൽ വിഭക്തികൾ വരെയുള്ള സംസ്‌കൃതത്തിന്റെ ബാലപാഠങ്ങൾ അനിമേഷന്റെ സഹായത്തോടെ ഇന്ററാക്ടീവ് രീതിയിൽ പഠിക്കുന്നതിനു ഉപകരിക്കുന്നതാണിത്.

പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു. കെ., എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജെ. പ്രസാദ്, എസ്.എസ്.കെ ഡയറക്ടർ ഡോ. എ.പി. കുട്ടികൃഷ്ണൻ, സി.ഡിറ്റ് പ്രതിനിധി മനോജ്കൃഷ്ണൻ. പി, എസ്.സി.ഇ.ആർ.ടി റിസർച്ച് ഓഫീസർ വി. ശ്രീകണ്ഠൻ എന്നിവർ സംബന്ധിച്ചു.
സംസ്ഥാനത്തെ സംസ്‌കൃതം പഠിപ്പിക്കുന്ന പൊതുവിദ്യാലയങ്ങളിൽ ഡി.വി.ഡിയും കൈപ്പുസ്തകങ്ങളും എത്തിക്കും.  അതിനുപുറമെ www.scert.kerala.gov.in  ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.