സ്വകാര്യബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളോട് നല്ല സമീപനം പുലര്‍ത്തണമെന്ന് കേരള വനിതാ കമ്മീഷനംഗം ഷാഹിദാ കമാല്‍. അടുത്തിടെയായി ബസ് ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള മോശം സമീപനത്തെക്കുറിച്ച് കമ്മീഷന് നേരിട്ടും തപാലിലും പരാതികള്‍ ലഭിക്കുന്നുണ്ട്. പോലീസും ഗതാഗത വകുപ്പും ഇക്കാര്യം ജാഗ്രതയോടെ വീക്ഷിക്കണമെന്ന് അവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കമ്മീഷനംഗത്തിന് നേരിട്ടിടപെടേണ്ടി വന്നു. വനിതാ കമ്മീഷന്റെ പരിപാടിയില്‍ പങ്കെടുത്ത് കൊല്ലത്തുനിന്ന് മടങ്ങവെ കരിക്കോട് ജംഗ്ഷനില്‍ സംഘര്‍ഷാവസ്ഥ കണ്ട് അവര്‍ പ്രശ്‌നത്തിലിടപെടുകയും പോലീസിനെ വിളിച്ചുവരുത്തി നടപടിയെടുപ്പിക്കുകയും ചെയ്തു. കൈപ്പത്തികള്‍ രണ്ടുമില്ലാത്തതും കാലില്‍ പരിമിതിയുള്ളതുമായ വിദ്യാര്‍ഥിയെ സീറ്റില്‍നിന്ന് എഴുന്നേല്‍പിച്ചതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. ടി.കെ.എം ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ഥികള്‍ ബസ് തടഞ്ഞിട്ട് ജീവനക്കാരോട് പ്രതിഷേധിച്ചു. നടപടിയെ ബസ് കണ്ടക്ടര്‍ ന്യായീകരിച്ചതാണ് പ്രശ്‌നം കൂടുതല്‍ വഷളാക്കിയത്. ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്ത ശേഷം നടപടി റിപ്പോര്‍ട്ട് കമ്മീഷന് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ ഇതേ ബസ് ജീവനക്കാര്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയതും പ്രശ്‌നങ്ങള്‍ക്കിടയാക്കിയിരുന്നു.