13261 പേർ നിരീക്ഷണത്തിൽ

ജില്ലയിൽ വെളളിയാഴ്ച  12 പേർ കോവിഡ് രോഗമുക്തരായി. മുളങ്കുന്നത്തുകാവിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ ഇഎസ്‌ഐ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 8 പേരും മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന 4 പേരുമാണ് രോഗമുക്തരായത്.
പുതുതായി ഒരാൾക്കാണ് രോഗം ബാധിച്ചത്. ചെന്നൈയിൽ നിന്ന് ജൂൺ 3 ന് തിരിച്ചെത്തിയ ചേലക്കര സ്വദേശി (59) യ്ക്കാണ് രോഗം.
ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച 120 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 10 പേർ മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്നുണ്ട്.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 13088 പേരും ആശുപത്രികളിൽ 173 പേരും ഉൾപ്പെടെ ആകെ 13261 പേരാണ് നിരീക്ഷണത്തിലുളളത്. വെളളിയാഴ്ച നിരീക്ഷണത്തിന്റെ ഭാഗമായി 13 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 27 പേരെ ഡിസ്ചാർജ്ജ് ചെയ്തു.
നിരീക്ഷണത്തിൽ കഴിയുന്നവരുടെ പട്ടികയിൽ 1541 പേരെയാണ് പുതുതായി ചേർത്തിട്ടുളളത്. 884 പേരെ നിരീക്ഷണ കാലഘട്ടം പൂർത്തീകരിച്ചതിനെത്തുടർന്ന് പട്ടികയിൽ നിന്നും വിടുതൽ ചെയ്തു.

വെളളിയാഴ്ച  അയച്ച 209 സാമ്പിളുകൾ ഉൾപ്പെടെ ഇതു വരെ 6616 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 5746 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 870 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 2359 ആളുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.
വെളളിയാഴ്ച  369 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. ഇതുവരെ ആകെ 39364 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലിലേക്ക് വന്നത്. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. വെളളിയാഴ്ച 167 പേർക്ക് കൗൺസലിംഗ് നൽകി. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 636 പേരെ സ്‌ക്രീൻ ചെയ്തു.