യാഥാർത്ഥ്യമാകുന്നത് തലസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തലസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ശ്രീകാര്യത്തെ ഫ്‌ലൈഓവർ യാഥാർത്ഥ്യമാകുന്നു. സ്ഥലമേറ്റെടുക്കലിന് ആവശ്യമായ തുകയുടെ ആദ്യ ഗഡു കിഫ്ബി കൈമാറി. നിർദ്ദിഷ്ട ഫ്ളൈ ഓവറിന് വേണ്ടിയുള്ള സ്ഥലമേറ്റെടുക്കലിന് ആവശ്യമായ തുകയുടെ ആദ്യ ഗഡുവായ 35 കോടി രൂപയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിൽ കിഫ്ബി ഡിഎംഡി വിക്രംജിത്ത് സിങ് ഐപിഎസ് കെആർടിഎൽ ചീഫ് ജനറൽ മാനേജർ ആനന്ദ് ഇളമണിന് കൈമാറിയത്. ഈ തുക സ്ഥലം വിട്ടുനൽകിയവർക്ക് വിതരണം ചെയ്യുന്നതിനായി ജില്ലാഭരണകൂടത്തിന് കൈമാറും.

സ്ഥലത്തിന്റെ വിട്ടുനൽകിയവർക്ക് ഈ പണം സമയബന്ധിതമായി വിതരണം ചെയ്യാനുള്ള നടപടികൾ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അടിയന്തരമായി ആരംഭിക്കുമെന്നും പദ്ധതി പൂർത്തിയാകുന്നതോടെ തിരുവനന്തപുരം നഗരത്തെ കഴക്കൂട്ടവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതകളിൽ ഒന്നായ ശ്രീകാര്യം ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

നാലുവരി ഫ്ലൈ ഓവറാണ് പദ്ധതിയുടെ ഭാഗമായി ശ്രീകാര്യത്തെ ഉയരുക. ഇരുവശത്തും 7.5 മീറ്റർ വീതം ആകെ 15 മീറ്ററാണ് ഫ്ലൈ ഓവറിന്റെ വീതി. ഇരുവശങ്ങളിലുമായി 5.5 മീറ്റർ വീതിയിൽ സർവീസ് റോഡുകൾ ഉണ്ടാകും. 535 മീറ്ററാണ് ഫ്ലൈഓവറിന്റെ മൊത്തം നീളം. ശ്രീകാര്യം ജങ്ഷന്റെ സമഗ്ര വികസനവും പദ്ധതിയിൽ ഉൾപ്പെടുന്നു. നിർദ്ദിഷ്ട ലൈറ്റ് മെട്രോയുടെ സാങ്കേതിക ആവശ്യകതകൾ ഉൾക്കൊള്ളിച്ചാണ് ഫ്ലൈ ഓവർ രൂപകല്പന ചെയ്തിരിക്കുന്നത്. 135. 37 കോടി രൂപയാണ് പദ്ധതിയുടെ ചിലവ് കണക്കാക്കുന്നത്. സ്ഥലമേറ്റെടുക്കലിനുള്ള തുകയും ഇതിൽ ഉൾപ്പെടും.

1.34 ഹെക്ടർ ഭൂമി പദ്ധതിയ്ക്കായി ഏറ്റെടുക്കേണ്ടി വരും. തലസ്ഥാന നഗരത്തിന്റെ മുഖഛായ തന്നെ മാറ്റി വരയ്ക്കുന്ന പ്രധാന വികസന പദ്ധതികളിൽ ഒന്നാണ് ശ്രീകാര്യം ഫ്ലൈഓവർ പദ്ധതി. മറ്റു രണ്ടു പ്രധാന പദ്ധതികളായ പട്ടം, ഉള്ളൂർ ഫ്ലൈ ഓവറുകളുടെ പ്രവർത്തികളും താമസമില്ലാതെ ആരംഭിക്കും. സ്ഥലമേറ്റെടുക്കൽ പ്രക്രിയക്കൊപ്പം പദ്ധതിയുടെ വിശദമായി സാങ്കേതിക പഠനവും ടെൻഡർ നടപടി ക്രമങ്ങളും പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.