ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരെ സന്നദ്ധ സംഘടന മുഖേന പുനരധിവസിപ്പിക്കുന്നതിന് ഗ്രാന്റ് അനുവദിക്കുന്ന പ്രതീക്ഷ പദ്ധതിയില്‍ മാനസിക രോഗം ഭേദമായവരെക്കൂടി ഉള്‍പ്പെടുത്തി സാമൂഹ്യനീതി വകുപ്പ് ഭരണാനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഒരാള്‍ക്ക് 39,700 രൂപ നിരക്കില്‍ 19.85 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് നല്‍കിയിട്ടുള്ളത്. ഇതിലൂടെ ആശാ ഭവനുകളിലെ താമസക്കാരെക്കൂടി ഉള്‍പ്പെടുത്തി എല്ലാ ജില്ലകളിലുമായി 50 പേരെ പുനരധിവസിപ്പിക്കാന്‍ സാധിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

സാമൂഹ്യനീതി വകുപ്പിന് കീഴിലെ സ്ഥാപനങ്ങളില്‍ താമസിക്കുന്ന ബുദ്ധിപരമായ വെല്ലുവിളികളുള്ളവരെ സന്നദ്ധ സംഘടനകള്‍ മുഖേന പുനരധിവസിക്കാനായി ആവിഷ്‌ക്കരിച്ച പദ്ധതിയാണ് പ്രതീക്ഷ. ഈ പദ്ധതിപ്രകാരം മാനസിക വെല്ലുവിളി നേരിടുന്ന മുതിര്‍ന്നവര്‍ക്കുള്ള സ്ഥാപനമായ പ്രതീക്ഷ ഭവന്‍, പ്രത്യാശാ ഭവന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള താമസക്കാരെ സന്നദ്ധ സംഘടനകള്‍ മുഖേനയാണ് പുനരധിവസിപ്പിക്കുന്നത്. ഈ പദ്ധതിയനുസരിച്ച് 39,700 രൂപയാണ് ഒരാള്‍ക്ക് വാര്‍ഷിക ഗ്രാന്റായി അനുവദിച്ചുവരുന്നത്. ഭക്ഷണത്തിന് 30,000 രൂപയും മരുന്നുകള്‍ക്ക് 7,200 രൂപയും വസ്ത്രങ്ങള്‍ക്ക് 1,500 രൂപയും വ്യക്തിപരമായ ശുചിത്വത്തിനായി 1000 രൂപയും ഉള്‍പ്പെടെയാണ് 39,700 രൂപ വാര്‍ഷിക ഗ്രാന്റായി അനുവദിക്കുന്നത്.

സാമൂഹ്യനീതി വകുപ്പിന് കീഴില്‍ മാനസിക രോഗ ചികിത്സയിലൂടെ നിയന്ത്രണ വിധേയരായ മുതിര്‍ന്നവരെ താമസിപ്പിക്കുന്നതിനായി തിരുവനന്തപുരത്ത് രണ്ടും എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഒന്നും വീതം ആകെ 6 ആശാ ഭവനുകളാണുള്ളത്. ഈ സ്ഥാപനങ്ങളില്‍ താമസക്കാരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ അവര്‍ക്ക് വേണ്ടത്ര പരിചരണവും സൗകര്യങ്ങളും ഉറപ്പാക്കുന്നതിനായാണ് പ്രതീക്ഷ പദ്ധതിയില്‍ അവരെക്കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.