34 വർഷമായി തരിശു കിടന്ന ഭൂമിക്ക് കോവിഡ് കാലത്ത് ശാപമോക്ഷം.ഇന്ന് ഇവിടെയെത്തുന്നവരെ വരവേൽക്കുന്നത് നിറയെ തളിർത്ത ചീരയും, തഴച്ചു വളർന്ന വെണ്ടയും, മറ്റു പച്ചകറികളുമാണ്. വടാക്കാഞ്ചേരി വാഴാനിയിലുളള തൃശൂർ സഹകരണ സ്പിന്നിങ്ങ് മില്ലിന്റെ സ്ഥലത്താണ് ജീവനക്കാർ ചേർന്ന് കൃഷിയിറക്കിയത്.

30 കിലോയോളം ചീര വിളവെടുത്തതിന്റെ ചാരിതാർത്ഥ്യത്തിലാണ് ജീവനക്കാർ. ആസന്നമായേക്കാവുന്ന ഭക്ഷ്യക്ഷാമം മുന്നിൽ കണ്ട് സർക്കാർ രൂപം നൽകിയ’സുഭിക്ഷ കേരളം’ പദ്ധതിയനുസരിച്ചാണ് കൃഷിയിറക്കിയത്.
സഹകരണ സ്പിന്നിങ്ങ് മിൽ തൊഴിലാളികളുടെ നേതൃത്വത്തിൽ രണ്ട് മാസം മുൻപാണ് ഒന്നര ഏക്കർ വരുന്ന സ്ഥലത്ത് വിത്തിറക്കിയത്. മൃഗങ്ങളുടേയും പക്ഷികളുടേയും ശല്യമടക്കം വെല്ലുവിളികൾ ഒട്ടേറെ ഉണ്ടായിരുന്നു.

രണ്ടും കൽപിച്ച് മണ്ണിലിറങ്ങിയവരെ പിൻതിരിപ്പിക്കാൻ ഒന്നിനുമായില്ല. കാരണം അതിലും വലുതായിരുന്നു കൃഷി തിരികെ പിടിക്കുക എന്ന ആവശ്യം.
കീടനാശിനികളോ രാസവളങ്ങളോ ഉപയോഗിക്കാതെ ജൈവ രീതിയിൽ തന്നെയാണ് ഇവർ കൃഷിയിറക്കിയിരിക്കുന്നത്. എന്നിട്ടും യാതൊരു പരാധീനതകളും ഇവിടെ വളരുന്ന പച്ചക്കറികൾക്കില്ല.

വിള നശിപ്പിക്കാനെത്തുന്ന മൃഗങ്ങളെ ചെറുക്കാൻ വേലി കെട്ടേണ്ടി വന്നു. ജീവനക്കാർ ഊഴമിട്ട് കൃഷി പരിപോഷിപ്പിച്ചു.
തെക്കുംകര പഞ്ചായത്ത്, ഹരിത കേരളം മിഷൻ എന്നിവരുടെ നിർദ്ദേശങ്ങൾ സ്വീകരിച്ചും വ്യവസായ വകുപ്പും റിയാബും നിരന്തരമായി അവലോകനം നടത്തിയുമാണ് സുഭിക്ഷ കേരളം പദ്ധതി വിജയകരമായി നടപ്പിലാക്കാൻ കഴിഞ്ഞത്.

വിളവെടുപ്പ് ചടങ്ങിൽ വടക്കാഞ്ചേരി കൃഷി ഓഫിസർ സുജിത് ഗോവിന്ദ്, ഹരിത കേരളം ജില്ലാ കോ ഓർഡിനേറ്റർ പി എസ് ജയകുമാർ, മിൽ മാനേജർ അഷറഫ് പി ഖാദർ, ഫിനാൻസ് മാനേജർ എസ് എസ് ദിനു, സി എ ഔസേപ്പ് എന്നിവർ പങ്കെടുത്തു.