ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയായ പാലുല്പാദന വര്‍ദ്ധനവ് ഇന്‍സെന്റീവ് വിതരണോദ്ഘാടനം കല്‍പ്പറ്റ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി നിര്‍വഹിച്ചു. ജില്ലയിലെ ക്ഷീര സംഘങ്ങളില്‍ പാലളക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് ഉല്പാദന ചെലവ് കുറയ്ക്കുന്നതിന് ആശ്വാസമായിട്ടാണ് അധിക പ്രോത്സാഹന വേതനം നല്‍കുന്നത്. ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകള്‍ക്കായി 80 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് ചടങ്ങില്‍ വിതരണം ചെയ്തത്.ക്ഷീരമേഖലയെ കാര്‍ഷിക വൃത്തിയായി പരിഗണിക്കാത്തത് ക്ഷീരകര്‍ഷകര്‍ക്ക് സബ്സിഡി ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ തടസ്സമാകുന്നുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വി.എസ് ഹര്‍ഷയെ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ.മിനി ആദരിച്ചു.ജനപ്രതിനിധികളായ എ.ദേവകി, പി.കെ അനില്‍ കുമാര്‍, അഡ്വ.ഒ.ആര് രഘു, പി.ഇസ്മയില്‍,വര്‍ഗീസ് മുരിയന്‍കാവില്‍, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോഷി ജോസഫ്, വിവിധ ക്ഷീര സംഘം പ്രസിഡന്റുമാര്‍,സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.