ഏനാമാവ് ബണ്ട് തൽക്കാലം പൊളിക്കില്ല

തൃശ്ശൂർ: ഏനാമാവ് ബണ്ട് ജനപ്രതിനിധികളുമായി കൂടിയാലോചിച്ച് സുരക്ഷ ഉറപ്പുവരുത്തി മാത്രം പൊളിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. തൽക്കാലം ബണ്ട് പൊളിക്കില്ലെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു.

ഏനാമാവ് ബണ്ടിന്റെ ഷട്ടറുകൾ തുറക്കുന്നതിന് ട്രയൽ റൺ നടത്തി പ്രവർത്തനം ഉറപ്പുവരുത്തിയതായി എൻജിനീയറിംഗ് വിഭാഗം അറിയിച്ചു. സംസ്ഥാനത്താദ്യമായി വീഡിയോ കോൺഫറൻസിലൂടെ നടന്ന ജില്ലാ വികസന സമിതി യോഗത്തിൽ, കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാറാണ് വിഷയം ഉന്നയിച്ചത്.

കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് സന്നദ്ധപ്രവർത്തകരുടെ കുറവ് അനുഭവപ്പെടുന്നതായി മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. തദ്ദേശ സയംഭരണ സ്ഥാപനങ്ങൾ കൂടുതൽ സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം നൽകണം. കോവിഡ് പ്രതിരോധത്തിൽ വീഴ്ചയുണ്ടായാൽ ജില്ല അപകടകരമായ സാഹചര്യത്തിലേക്ക് പോകുമെന്ന് മന്ത്രി അറിയിച്ചു.

മടങ്ങിയെത്തുന്നവരിൽ വീടുകളിൽ ക്വാറന്റൈൻ സൗകര്യമുളളവരെ വീട്ടിലേക്ക് തന്നെ മാറ്റണമെന്ന് മന്ത്രി നിർദേശിച്ചു. അവർ സ്ഥാപന ക്വാറന്റൈനിൽ കഴിയേണ്ട സാഹചര്യമില്ല. കോവിഡിനൊപ്പം ഡെങ്കിപ്പനി പ്രതിരോധത്തിലും വെള്ളപ്പൊക്ക രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും ജാഗ്രത പുലർത്തണമെന്നും മന്ത്രി പറഞ്ഞു.

എം.എൽ.എമാർ ഇക്കാര്യങ്ങൾ താലൂക്ക് ഓഫീസ് മുഖേന ദിവസേന മോണിറ്റർ ചെയ്യണം.
ലൈഫ് പദ്ധതിയിൽ ഉൾപ്പെടാത്ത പട്ടികവർഗക്കാരെ കണ്ടെത്താനുള്ള സർവേ ജൂൺ 30നകം പൂർത്തിയാക്കി വിവരങ്ങൾ അപ്ലോഡ് ചെയ്യാൻ മന്ത്രി നിർദേശിച്ചു. ഇവരെ ലൈഫിൽ എത്രയും വേഗം ഉൾപ്പെടുത്തും. ഇതിനൊപ്പം തീരപ്രദേശത്തെ വിട്ടുപോയവരേയും കണ്ടെത്താൻ നിർദേശിച്ചു.

ജില്ലാ നിർമ്മിതി കേന്ദ്രം നടത്തുന്ന പ്രവൃത്തികൾ സംബന്ധിച്ച് എം.എൽ.എമാർ ആക്ഷേപം ഉന്നയിച്ച സാഹചര്യത്തിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഉപയോഗിച്ചുള്ള റോഡ് പണി, പുനർഗേഹം പദ്ധതിയിലെ വീട് നിർമ്മാണം, തൃശൂർ മണ്ഡലത്തിലെ റോഡ് നിർമ്മാണം എന്നിവ അവലോകനം ചെയ്യാൻ കളക്ടർ യോഗം വിളിക്കും.

വനാവകാശ പട്ടയ വിതരണത്തിനായി വനം-റവന്യു വകുപ്പുകൾ സംയുക്ത പരിശോധന നടത്തിയ 2400 പട്ടയ അപേക്ഷകൾ വരുന്നയാഴ്ച കേന്ദ്രാനുമതിക്ക് അയക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഈ വർഷം 3900 വനാവകാശ പട്ടയങ്ങൾ വിതരണം ചെയ്യാൻ കഴിയും. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്ന് കടലാക്രമണം നേരിടാനായി രണ്ട് കോടി രൂപ അനുവദിച്ചതായി കളക്ടർ അറിയിച്ചു.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രവാസികൾ മടങ്ങിയെത്തിയ രണ്ടാമത്തെ ജില്ല തൃശൂർ ആണെന്ന് കളക്ടർ അറിയിച്ചു. ഇനിയുമേറെ പേർ മടങ്ങിയെത്താനായി ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജില്ലയിൽ നിലവിൽ 393 പേർ സ്ഥാപന ക്വാറൻൈറനിൽ ഉണ്ട്. 490 രൂപ മുതൽ പെയ്ഡ് ക്വാറൻൈറൻ സൗകര്യം ലഭ്യമാണ്. കോവിഡ് പ്രതിരോധത്തിന് ഓരോ താലൂക്കിനും ഒരു ഓഫീസറെ ചുമതലയേൽപ്പിക്കുമെന്ന് കളക്ടർ അറിയിച്ചു. ജില്ലയിലെ ഓഫീസുകൾ പരാതികൾ ഓൺലൈനായി തീർക്കാൻ ശ്രമിക്കണമെന്നും ഒരു കാരണവശാലും അടച്ചിടരുതെന്നും കളക്ടർ നിർദേശിച്ചു.

കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള മലയോര ഹൈവേയുടെ അറ്റകുറ്റപണിക്കായി സംസ്ഥാനത്താദ്യമായി ജില്ലയിൽ 50 ലക്ഷം അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. പ്രവൃത്തിയുടെ റീടെൻഡർ വിളിച്ചതായും അറിയിച്ചു. ജില്ലയിലെ 54.575 കിലോ മീറ്റർ വരുന്ന മലയോര ഹൈവേയുടെ നിർമ്മാണം മൂന്ന് ഘട്ടമായാണ് ഉദ്ദേശിക്കുന്നത്.

യോഗത്തിൽ ജില്ലാ കളക്ടർ എസ്. ഷാനവാസ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എ.സി. മൊയ്തീൻ, അഡ്വ. വി.എസ് സുനിൽകുമാർ, ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, എം.എൽ.എമാരായ ബി.ഡി. ദേവസ്സി, ഇ.ടി. ടൈസൺ മാസ്റ്റർ, വി.ആർ. സുനിൽകുമാർ, കെ.വി. അബ്ദുൽഖാദർ, മുരളി പെരുനെല്ലി, യു.ആർ. പ്രദീപ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി.ആർ. മായ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.