തൃശ്ശൂർ ജില്ലയിൽ ഒന്നുമുതൽ പത്താംതരം വരെയുള്ള പാഠപുസ്തകങ്ങളുടെ വിതരണം ജൂൺ 30 നകം പൂർത്തിയാക്കും. പ്രൈമറി ക്ലാസിലെ പുസ്തകങ്ങൾ ജൂൺ ആദ്യവാരം മുതൽ ജില്ലയിൽ ലഭ്യമായിരുന്നു. ഉപജില്ലകളിലെ പാഠപുസ്തക വിതരണം പുരോഗമിക്കുകയാണ്. വിതരണം വേഗത്തിലാക്കാൻ സ്‌കൂൾ ബസുകളും ഏർപ്പെടുത്തി. ജില്ലയിലെ 231 പാഠപുസ്തക സൊസൈറ്റികളിൽ 181 സൊസൈറ്റികളിലും വിതരണം അവസാന ഘട്ടത്തിലാണ്.

ബാക്കിയുള്ളവ ജൂൺ 30 നകം വിതരണം പൂർത്തിയാക്കും. കെ.ബി.പി.എസ്സിനാണ് പുസ്തകം അച്ചടിച്ച് വിതരണം ചെയ്യുന്നതിനുള്ള ചുമതല. അവധി ദിവസങ്ങൾ കൂടി ഉപയോഗപ്പെടുത്തിയാണ് കെ.ബി.പി.എസ് പുസ്തക വിതരണം നടത്തുന്നത്. മുൻ കൂട്ടി അറിയിച്ച സൊസൈറ്റികൾക്ക് ഇന്നലെ (ജൂൺ 27) പുസ്തകം വിതരണം ചെയ്തിരുന്നു. ഇന്നും വിതരണം തുടരും.

ജൂൺ 14 നകം തന്നെ ഹോട്ട്‌സ്‌പോട്ടിലുൾപ്പെടെ ഓൺലൈൻ പഠന സൗകര്യങ്ങൾ പൊതു വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തി. ക്ലാസുകൾ പിന്നീട് ഡൗൺലോഡ് ചെയ്ത് കാണുന്നതിനുള്ള നടപടികളും സ്വീകരിച്ചു. സാധാരണഗതിയിൽ പുതിയ അധ്യയന വർഷാരംഭത്തിന് മുൻപ് മാർച്ചിൽ തന്നെ പാഠപുസ്തക വിതരണം പൂർത്തീകരിച്ചിരുന്നു. എന്നാൽ കോവിഡ് 19 നെ തുടർന്നുള്ള ലോക്ഡൗൺ കാര്യങ്ങൾ തകിടം മറിച്ചു.

ജില്ലയിൽ വെളിയന്നൂർ പാഠപുസ്തക ഡിപ്പോയിലും ചേറൂർ ഗവ എഞ്ചിനീയറിംഗ് കോളേജിലുമായാണ് സോർട്ടിംഗ് പുരോഗമിക്കുന്നത്. കുടുംബശ്രീ പ്രവർത്തകരുടെ സഹായത്തോടെയാണ് പുസ്തകങ്ങൾ തരം തിരിക്കുന്നതുൾപ്പടെയുള്ള ജോലികൾ നടക്കുന്നത്.