ഭാഷകൾ പരസ്പരം ഉൾക്കൊളളാനുളളതാണെന്നും എത്ര ഭാഷകൾ പഠിക്കുന്നോ അത്രയും അറിവ് വർധിക്കുകയല്ലാതെ അപകടമൊന്നും ഉണ്ടാകുകയില്ലെന്നും റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. ഭാഷകളെല്ലാം സഹോദരഭാവത്തിൽ ഉൾക്കൊളളണം. അറിയിക്കുന്നവനും അറിയേണ്ടവനും മനസ്സിലാകാൻ പറ്റിയാൽ മാത്രമെ ഭരണഭാഷാവബോധം യാഥാർത്ഥ്യമാവുകയുളളൂ എന്ന് മന്ത്രി പറഞ്ഞു. ഡിപിസി ഹാളിൽ ഔദ്യോഗികഭാഷാ വകുപ്പ് ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ വകുപ്പു മേധാവികൾക്കായി സംഘടിപ്പിച്ച ഭരണഭാഷാ അവബോധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ കോടതി ഭാഷയും ഔദ്യോഗിക സംവിധാനങ്ങളിലെ ഭാഷയും സാധാരണക്കാരന് ഉൾക്കൊളളാൻ പറ്റുന്നില്ല. കോളനികളിലെ പരാതിക്കാരനു പോലും ഇംഗ്ലീഷിൽ മറുപടി ലഭിക്കുന്ന പ്രവണതയും കാണപ്പെടുന്നു. കാലങ്ങളായുളള ഇത്തരം വൈരുധ്യങ്ങളെ ഒഴിവാക്കാനും ഏറ്റവും താഴെത്തട്ടിലുളളവന് ഭാഷ മനസ്സിലാക്കാൻ കഴിഞ്ഞാലും മാത്രമെ ഭരണഭാഷ മാതൃഭാഷ എന്ന പ്രയോഗം അർത്ഥവത്താകുകയുളളൂ എന്നദ്ദേഹം പറഞ്ഞു.
ചടങ്ങിൽ എൻഎ നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷത വഹിച്ചു. സപ്തഭാഷാസംഗമ ഭൂമിയായ ഈ ജില്ലയിൽ ഭാഷകളെല്ലാം പരസ്പരധാരണയിൽ പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഔദ്യോഗികഭാഷ വകുപ്പ് ജോയിന്റ് സെക്രട്ടറി എസ് മുഹമ്മദ് ഇസ്മയിൽ കുഞ്ഞ് ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേരളത്തിലെ ഭരണഭാഷ എന്ന വിഷയത്തിൽ ഔദ്യേഗികഭാഷാ വകുപ്പിലെ ഭാഷാ വിദഗ്ധൻ ആർ ശിവകുമാർ വിഷയാവതരണം നടത്തി. കേരളത്തിലെ ഭരണഭാഷ ഉദ്യോഗസ്ഥനും സാധാരണക്കാരനും തമ്മിലുളള വിനിമയത്തിന്റെ ഭാഷയാണെന്ന് അദ്ദേഹം പറഞ്ഞു. ഡോ. എം ശ്രീനാഥൻ പ്രഭാഷണം നടത്തി. ഔദ്യോഗികഭാഷാ വകുപ്പ് സെക്ഷൻ ഓഫീസർ ആർ എച്ച് ബൈജു ഔദ്യോഗികഭാഷാ മാർഗരേഖകൾ സംബന്ധിച്ച് വിശദീകരിച്ചു. തുടർന്ന് കേരളത്തിലെ ഭരണഭാഷാ പ്രശ്‌നങ്ങൾ സംബന്ധിച്ച ചർച്ചയും നടന്നു. എഡിഎം എൻ ദേവിദാസ് ചടങ്ങിൽ സ്വാഗതം പറഞ്ഞു.