റവന്യൂ വകുപ്പ് കേവലം ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന വകുപ്പല്ലെന്നും വകുപ്പുകളുടെ മാതാവാണെന്നും റവന്യൂ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. വില്ലേജ് ഓഫീസ് മുതൽ കളക്ടറേറ്റ് വരെ സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ ഏറ്റവും കൂടുതലായി കൈകാര്യം ചെയ്യുന്ന വകുപ്പ് എന്ന നിലയിൽ പരിഹാരത്തിന് വേഗത കൂട്ടാനുളള ഉത്തരവാദിത്തവും ജീവനക്കാർക്കുണ്ട് എന്നദ്ദേഹം പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ റവന്യൂദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഫെബ്രുവരി 25 മുതൽ മാർച്ച് 24വരെയായി ജില്ലാകളക്ടർ പ്രഖ്യാപിച്ചിട്ടുളള ത്വരിതം 2018 എന്ന പദ്ധതി എല്ലാവരും ഏറ്റെടുത്ത് വിജയിപ്പിക്കണം. ഫയലുകളിലെ പരിശോധന ഏറ്റവും വേഗതയിൽ നടത്തി പ്രശ്‌നപരിഹാരം ഉറപ്പാക്കുന്നതിനാണ് ഈ പദ്ധതി. ചടങ്ങിൽ വിവിധ പട്ടയവിതരണവും പ്രകൃതിക്ഷോഭ ധനസഹായ വിതരണവും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുളള ധനസഹായ വിതരണവും ഓഖി ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയവർക്കുളള അനുമോദനം, മികച്ച വില്ലേജ് ഓഫീസർക്കുളള അനുമോദനം, ക്വിസ് മത്സരവിജയികൾക്കും ക്ലീൻ ഓഫീസ് വിജയികൾക്കുളള സമ്മാനവിതരണവും മന്ത്രി നിർവ്വഹിച്ചു. എൻ ഐ സി ഇന്നൊവേഷൻ ചാലഞ്ച് 2018 മത്സരത്തിൽ ദേശീയപുരസ്‌കാരം ലഭിച്ച ജില്ലാ ഇൻഫർമാറ്റിക് ഓഫീസർ കെ രാജനെ ചടങ്ങിൽ മന്ത്രി അനുമോദിച്ചു.
ചടങ്ങിൽ ജില്ലാകളക്ടർ ജീവൻബാബു കെ സ്വാഗതവും എഡിഎം എൻ ദേവിദാസ് നന്ദിയും പറഞ്ഞു. വിവിധ ഡെപ്യൂട്ടി കളക്ടർമാർ, ജീവനക്കാർ സംബന്ധിച്ചു. 1886 ഫെബ്രുവരി 24 ന് തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാൾ ബാലരാമവർമ്മയാണ് റവന്യൂ സെറ്റിൽമെന്റ് പ്രഖ്യാപനം നടത്തിയത്. ഇതിന്റെ അനുസ്മരണമായാണ് ഈ ദിവസം റവന്യൂ ദിനമായി ആചരിച്ചു വരുന്നത്.