എറണാകുളം: ജില്ലാ പട്ടികജാതിവികസന ഓഫീസർ ജോസഫ് ജോൺ പട്ടികജാതി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ടി വി ചലഞ്ചിൽ വകുപ്പ് മന്ത്രി എ.കെ ബാലന്റെ ഓഫീസ് രണ്ട് ടെലിവിഷനുകൾ കൈമാറി പങ്കുചേർന്നു. കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിനായുള്ള ഉദ്യമത്തിലേക്ക് മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പദ്മരാജനാണ് ടെലിവിഷനുകൾ ലഭ്യമാക്കിയത്. ജില്ലാ കളക്ടർ എസ്. സുഹാസിൽ നിന്നും പട്ടികജാതിവികസന ഓഫീസർ ജോസഫ് ജോൺ ടെലിവിഷനുകൾ ഏറ്റുവാങ്ങി.
പട്ടികജാതി വിദ്യാർത്ഥികൾക്കായി നടപ്പാക്കിയ ടി.വി ചലഞ്ചിൽ 15 ദിവസത്തിനുള്ളിൽ 101 ടെലിവിഷനുകൾ വിതരണം ചെയ്തു.
വിവിധ സാമൂഹ്യ, സാംസ്കാരിക സന്നദ്ധ സംഘടനകളും യുവജന പ്രസ്ഥാനങ്ങളും സഹകരണ സംഘങ്ങളും വ്യക്തികളും സ്ഥാപനങ്ങളും ചലഞ്ചിൽ പങ്കുചേർന്നു. കുട്ടികൾക്ക് പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ടാബുകൾ, സ്മാർട്ട്ഫോണുകൾ എന്നിവയും കൈമാറിയിട്ടുണ്ട്. ജില്ലയിലെ മുഴുവൻ പട്ടികജാതി വിദ്യാർത്ഥികൾക്കും പഠനസൗകര്യമൊരുക്കുന്നതിനാണ് ടി.വി ചലഞ്ച് ലക്ഷ്യമിടുന്നത്.
കാക്കനാട് ഇൻഫോ പാർക്കിലെ സിറോൺ കൺസൽറ്റൻസി പ്രൈവറ്റ് ലിമിറ്റഡ് ജില്ലയിലെ 15 സാമൂഹ്യ പഠനകേന്ദ്രങ്ങൾക്കു ടെലിവിഷനുകൾ നൽകി . വകുപ്പ് ജീവനക്കാരുടെയും പട്ടികജാതി പ്രൊമോട്ടർമാരുടെയും ഇടപെടലാണ് സംരംഭം വൻവിജയമാക്കിയതെന്നു ജോസഫ് ജോൺ പറഞ്ഞു. എം.പി, എം.എൽ.എമാർ ഉൾപ്പെടെ വിവിധ ജനപ്രതിനിധികളും ഉദ്യമത്തിൽ പങ്കാളികളായി.