ജോലിക്കുപോകാത്ത സർക്കാർ ജീവനക്കാരും അധ്യാപകരും കോവിഡ് പ്രതിരോധ ഭാഗമാകണം

രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വാർഡുതല സമിതികളുടെ പ്രവർത്തനം കൂടുതൽ സജീവമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്യുന്നവർ നാട്ടിലേക്ക് പോകുമ്പോൾ വാർഡ്തല സമിതികളെ അറിയിക്കണം. മാസ്‌ക് ധരിക്കാത്ത 5373 സംഭവങ്ങൾ സംസ്ഥാനത്ത് ബുധനാഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്വാറൻറൈൻ ലംഘിച്ച 15 പേർക്കെതിരെ ബുധനാഴ്ച കേസ് രജിസ്റ്റർ ചെയ്തു.

തീവണ്ടികളിലും മറ്റും വരുന്നവർ ക്വാറൻറൈൻ ഒഴിവാക്കാൻ നടത്തുന്ന അപകടകരമായ ശ്രമം ജാഗ്രതയോടെ കണ്ടെത്തി തടയും. പൊതു ഓഫീസുകൾ അണുവിമുക്തമാക്കാൻ കുടുംബശ്രീയുടെ സേവനം പ്രയോജനപ്പെടുത്തും.

ടെലിമെഡിസിൻ ആരംഭിച്ചത് ഈ ഘട്ടത്തിൽ ആശുപത്രികളിൽ പോകാൻ കഴിയാത്ത രോഗികൾക്ക് വലിയ ആശ്വാസമായിട്ടുണ്ട്. അത് പ്രാദേശികതലത്തിൽ വ്യാപിപ്പിക്കണം. എല്ലായിടത്തും അതിനുള്ള സൗകര്യം വേണം. സ്വകാര്യ ആശുപത്രികളെ ഇതിന്റെ ഭാഗമാക്കണം. കോവിഡ് ചികിത്സ ഇപ്പോൾ നടത്തുന്നത് സർക്കാർ ആശുപത്രികളിലാണ്. ഇതിന്റെ അനുഭവം സ്വകാര്യ മേഖലയ്ക്കു കൂടി പങ്കുവെക്കണം.

ഈ ഘട്ടത്തിൽ ജോലിക്കുപോകാത്ത സർക്കാർ ജീവനക്കാരും അധ്യാപകരും കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമാകണം. ഇക്കാര്യം ജില്ലാ കലക്ടർമാർ ഉറപ്പുവരുത്തണം. എല്ലാ പഞ്ചായത്തിലും ജീവനക്കാർ ഉൾപ്പെടുന്ന സമിതി രൂപീകരിക്കണം. ഇപ്പോൾ പ്രതിരോധ പ്രവർത്തന രംഗത്തുള്ള സാമൂഹിക സന്നദ്ധ പ്രവർത്തകർക്ക് ഇത് വലിയ പിന്തുണയാകും.

കാസർകോട് ജില്ലയിൽ ഇക്കാര്യത്തിൽ ഇപ്പോൾ മാതൃകാപരമായ ഇടപെടൽ നേരത്തെ ഉണ്ടായിട്ടുണ്ട്. അവിടെ അധ്യാപകർ വാർഡ്തല സമിതികളുടെ ഭാഗമായി പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കാളികളാവുകയാണ്. ഈ മാതൃക മറ്റു ജില്ലകളിലും പിന്തുടരണമെന്നാണ് നിർദേശിച്ചിട്ടുള്ളത്.

രോഗബാധിതരുടെ എണ്ണം കൂടുന്നതിനാൽ സമൂഹവ്യാപന ആശങ്കയിൽനിന്ന് നാം മുക്തരായിട്ടില്ല. അതുകൊണ്ടുതന്നെ കൂടുതൽ ശ്രദ്ധയും ജാഗ്രതയും വേണം. പ്രതിരോധശേഷി കുറഞ്ഞവരുടെയും മറ്റു രോഗങ്ങളുള്ളവരുടെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. അവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് ഇടപെടും. ഫീൽഡ്തല നിരീക്ഷണവും റിപ്പോർട്ടിങ്ങും കൂടുതൽ ഫലപ്രദമാക്കും. നിരീക്ഷണത്തിലുള്ളവരുടെ കുടുംബാംഗങ്ങളുടെ വിവരവും ശേഖരിക്കും.

ആംബുലൻസുകൾ ആവശ്യത്തിന് ലഭ്യമാകുന്നു എന്നുറപ്പാക്കും. പരാതികൾ വരുന്നിടത്ത് ഇടപെട്ട് നടപടി സ്വീകരിക്കും. എവിടെ ബന്ധപ്പെട്ടാൽ ആംബുലൻസ് ലഭ്യമാകും എന്നതിന് കൃത്യത വരുത്തും.

സംസ്ഥാനത്ത് മെയ് ഏഴിനുശേഷം ചൊവ്വാഴ്ച വരെ 870 വിമാനങ്ങളും മൂന്നു കപ്പലുകളും വിദേശങ്ങളിൽനിന്ന് വന്നിട്ടുണ്ട്. 600 ചാർട്ടേർഡ് ഫ്‌ളൈറ്റുകളാണ്. ഏറ്റവും കൂടുതൽ വിമാനങ്ങൾ വന്നത് യുഎഇയിൽ നിന്നാണ്. 446 വിമാനങ്ങളിലായി 73,212 പേരാണ് വന്നത്. കോഴിക്കോട്ട് 222ഉം കൊച്ചിയിൽ 201ഉം കണ്ണൂരിൽ 104 ഉം തിരുവനന്തപുരത്ത് 67ഉം വിമാനങ്ങളെത്തി.

ആകെ വന്ന 1,43,147 പേരിൽ 52 ശതമാനവും (74,849) തൊഴിൽ നഷ്ടപ്പെട്ടവരാണ്. വിസാ കാലാവധി തീർന്ന 46,257 പേരെത്തി. കേരളം ചൊവ്വാഴ്ച വരെ 1543 ഫ്‌ളൈറ്റുകൾക്കാണ് അനുമതിപത്രം നൽകിയിട്ടുള്ളത്. കൂടുതൽ വിമാനങ്ങൾക്കായി അനുമതിപത്രം ലഭിക്കുന്നുണ്ടെന്നും ആർക്കും നിഷേധിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിലുള്ള പൊന്നാനിയിൽ പൊലീസ് കർശനജാഗ്രത പുലർത്തുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഉത്തരമേഖലാ ഐജി അശോക് യാദവ് പൊന്നാനിയിൽ പൊലീസിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.
പച്ചക്കറിക്കടകൾ ഉൾപ്പെടെ അഞ്ച് കടകൾക്ക് വീതം മാത്രമാണ് താലൂക്കിലെ ഓരോ പഞ്ചായത്തിലും പ്രവർത്തിക്കാൻ അനുവാദമുള്ളത്.

ഈ കടകളുടെ മൊബൈൽ നമ്പർ പൊലീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാധനസാമഗ്രികൾ ആവശ്യമുള്ളവർക്ക് ഈ നമ്പറിൽ ബന്ധപ്പെട്ട് ഓർഡർ നൽകാം. ഒരു വാർഡിൽ രണ്ടുപേർ എന്ന കണക്കിൽ ജില്ലാ കളക്ടർ പാസ് നൽകിയ വളണ്ടിയർമാർ കടകളിൽ നിന്ന് സാധനസാമഗ്രികൾ വീട്ടിൽ എത്തിച്ചുനൽകും.

സാമൂഹിക അകലം പാലിക്കാത്തതിന് പൊന്നാനി താലൂക്കിൽ 16 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നിർദേശം അനുസരിക്കാതെ രോഗികളെ ഡിസ്ചാർജ് ചെയ്തതിന് പൊന്നാനി താലൂക്കിലെ ഒരു സ്വകാര്യ ആശുപത്രിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും അദ്ദേഹം അറിയിച്ചു.