എഴുപതാമത് വനമഹോത്സത്തിന് സംസ്ഥാനത്ത് തുടക്കമായി. ഇനി വൃക്ഷവത്കരണത്തിന്റെയും പരിസ്ഥിതിപുനസ്ഥാപനത്തിന്റെയും ഒരാഴ്ചക്കാലം. തൃശ്ശൂർ പൂത്തൂർ സുവോളജിക്കൽ പാർക്കിൽ വൃക്ഷത്തൈ നട്ട് വൃക്ഷവൽക്കരണ പരിപാടികൾക്ക് വനംമന്ത്രി അഡ്വ: കെ. രാജു തുടക്കം കുറിച്ചതോടെയാണ് സംസ്ഥാനത്ത് വനമഹോത്സവത്തിന് തുടക്കമായത്. തൃശ്ശൂർ പുത്തൂരിലെ 388 ഏക്കർ സ്ഥലത്ത് 360 കോടി രൂപ ചെലവിൽ വിവിധ ജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് അനുസരിച്ച് രൂപകൽപന ചെയ്തിട്ടുള്ള സുവോളജിക്കൽ പാർക്കിനെ 10 മേഖലകളായി തിരിച്ച് വിവിധ തരത്തിലുള്ള 10 ലക്ഷത്തോളം വ്യക്ഷത്തൈകൾ വച്ചു പിടിപ്പിക്കുന്ന പ്രവൃത്തികൾക്കാണ് മന്ത്രി തുടക്കം കുറിച്ചത്. വനമഹോത്സവ വാരത്തിൽ 10000 വനവൃക്ഷങ്ങളും പനകളും, മുളകളുമാണ് ഇവിടെ വച്ചു പിടിപ്പിക്കുന്നത്. ഡിസംബർ അവസാനത്തോടെ തൃശ്ശൂർ മൃഗശാലയിലെ മൃഗങ്ങളെ പുത്തൂരിലേക്ക് മാറ്റുമെന്ന് മന്ത്രി അറിയിച്ചു. മൃഗങ്ങൾക്കായി തയ്യാറാക്കുന്ന വാസഗേഹങ്ങളിൽ പണിപൂർത്തിയായ ഒൻപതെണ്ണം മന്ത്രിയും സംഘവും സന്ദർശിച്ചു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുതകുന്ന ഉൽപങ്ങൾ ലഭ്യമാകുന്ന വൃക്ഷലതാദികൾ വീടുകളിൽ വച്ചുപിടിപ്പിക്കാൻ പൊതുജനങ്ങൾക്ക് പ്രേരണയാകുന്ന തരത്തിൽ പുത്തൂരിൽ ഒരുക്കുന്ന അതിജീവന വനവും തൈ നട്ട് മന്ത്രി ഉദാഘാടനം ചെയ്തു.
നഗരവനംപദ്ധതിയുടെയും പരിസ്ഥിതി പുനരുദ്ധാരണ പദ്ധതികളുടെയും സംസ്ഥാനതല ഉദ്ഘാടനവും തൃശ്ശൂരിൽ മന്ത്രി നിർവ്വഹിച്ചു. വനങ്ങളുടെ ചെറുമാതൃകകൾ നഗരങ്ങളിൽ പുനസൃഷ്ടിക്കുതാണ് നഗരവനം പദ്ധതി. കുറഞ്ഞത് അഞ്ച് സെന്റ് സ്ഥലം ലഭ്യമായാൽ നഗരമമധ്യത്തിൽ പോലും വനത്തിന്റെ എല്ലാ സവിശേഷതകളോടെയും കൂടിയ നഗരവനങ്ങൾ ഒരുക്കാനാകും. നഗരങ്ങളിലെ അന്തരീക്ഷ മലിനീകരണപ്രശ്‌നങ്ങൾക്കു പരിഹാരമാകുന്ന പദ്ധതി ചെറുജീവികളുടെ വലിയ ഒരു ആവാസ വ്യവസ്ഥയായി വർത്തിക്കുകയും ചെയ്യും. ഓട്ടുപാറയിലെ 5.78 സെന്റ് സ്ഥലത്ത് സിവകൾച്ചർ യൂണിറ്റ് സ്ഥാപിച്ച നഗരവനം ഉദ്ഘാടനം ചെയ്തതോടെ സംസ്ഥാനത്തൊട്ടാകെ നഗരവനവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി . ഇതിനോടനുബന്ധിച്ച് പത്തനാപുരം റേഞ്ച് ഓഫീസ് കോമ്പൗണ്ടിലും , നിലമ്പൂർ ഡി എഫ് ഒ ഓഫീസിലും മൂവാറ്റുപുഴ നഗരത്തിലും നഗരവനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. കാട്ടൂതീയിൽ കത്തി നശിച്ച പൂങ്ങോട് തോട്ടത്തിലെ 475 ഹെക്ടറിൽ പുതുതായി തദ്ദേശീയ തൈകൾ വച്ചുപിടിപ്പിക്കുന്ന പദ്ധതിയിലൂടെ പരിക്ഷീണ വനങ്ങളുടെ പുനരുദ്ധാരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. ഈ വർഷം ഈ തോട്ടക്കിലെ 10 ഹെക്ടർ ഭൂമിയിൽ തദ്ദേശീയ തൈകൾ വച്ചുപിടിപ്പിക്കാനാണ് തീരുമാനം . പൾപ്പ് തോട്ടങ്ങൾ, ഉൽപാദന ക്ഷമത കുറഞ്ഞ തേക്ക് തോട്ടങ്ങൾ, പരിക്ഷീണ വനങ്ങൾ എന്നിവയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും ഇതോടെ തുടക്കമാവും. സംസ്ഥാനത്ത് ഇത്തരത്തിലുള്ള 238.6 ഹെക്ടർ സ്ഥലത്ത് അക്കേഷ്യ, യൂക്കാലിപ്റ്റസ് തുടങ്ങിയ വൈദേശിക, അധിനിവേശ ഇനങ്ങളെ ഒഴിവാക്കി വനവൽക്കരണം നടക്കും.
വിവിധ ചടങ്ങുകളിലായി ഗവ ചീഫ് വിപ്പ് കെ രാജൻ എം എൽ എ, രമ്യ ഹരിദാസ് എം പി , എം എൽ എമാരായ അനിൽ അക്കര, യു ആർ പ്രദീപ്, വനംവകുപ്പ് അഡി: ചീഫ് സെക്രട്ടറി ഡോ ആശാ തോമസ് , മുഖ്യവനംമേധാവി പി കെ കേശവൻ, ത്രിതലപഞ്ചായത്ത് പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.