നെല്ലുസംഭരണം ഫലപ്രദമാകാൻ കർഷകരും മില്ലുടമകളും സഹകരിക്കണമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. നെല്ലുസംഭരണത്തിൽ കൃഷിക്കാർക്കും മില്ലുടമകൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ സ്വീകാര്യമായ നിലപാടാണ് സർക്കാരിന്റേത്. ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന നെല്ലുസംഭരണവുമായി ബന്ധപ്പെട്ട യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിക്കാർക്കും നെല്ലുടമകൾക്കും അരി വാങ്ങുന്ന സാധാരണക്കാർക്കും ഒരിക്കലും തങ്ങളെ പറ്റിച്ചു എന്ന ആക്ഷേപത്തിനിടയാക്കുന്ന സാഹചര്യമുണ്ടാകരുത്. തർക്കമുണ്ടാകാതെ ഇത്തവണത്തെ നെല്ലു സംഭരണം ഫലപ്രദമായി നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. സപ്ലൈകോ വഴിയുള്ള നെല്ലു സംഭരണത്തിന്റെ ഭാഗമായി കൃഷിക്കാർ ഉല്പാദിപ്പിക്കുന്ന നെല്ല് നിശ്ചിത മാനദണ്ഡങ്ങൾക്കനുസരിച്ച് സ്വകാര്യമില്ലുകൾക്ക് നൽകി പൊതു വിതരണ കേന്ദ്രത്തിലൂടെ വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. കരിവ്, ഈർപ്പം, പതിര് ഇവയുടെ അളവ് കണക്കാക്കിയാണ് ഗുണനിലവാരം നിശ്ചയിക്കുന്നത്. ജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാത്ത വിധമുളള ധാന്യങ്ങൾ വിതരണം ചെയ്യുന്നത് സർക്കാരിന് സ്വീകാര്യമല്ല. മെച്ചപ്പെട്ട അരി ലഭ്യമാക്കാനുളള സംവിധാനമാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. നല്ല അരി നൽകണമെങ്കിൽ നല്ല നെല്ലു വേണമെന്ന നിലപാടാണ് മില്ലുടമകൾക്കുളളത്. അതിന്റെ അടിസ്ഥാനത്തിലാണ് മുൻപ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കൂടിയ യോഗത്തിൽ മാനദണ്ഡങ്ങൾ തീരുമാനിച്ചത്. യോഗത്തിലെ നിലപാടുകൾ അംഗീകരിച്ചിട്ടും അത് പ്രയോഗത്തിൽ വന്നപ്പോൾ കർഷകരുടെ ഭാഗത്തു നിന്നും വ്യത്യസ്ത നിലപാടുണ്ടായി. ആയിരം നെൻമണിക്ക് 26 ഗ്രാം തൂക്കം വേണമെന്ന മാനദണ്ഡത്തിൽ കൃഷി ഓഫീസർ, പാഡി ഓഫീസർ, ജനപ്രതിനിധികൾ, മില്ലുടമകളുടെ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ ഒരു ഒത്തുതീർപ്പിലെത്തി നെല്ലുസംഭരണത്തിന് തയ്യാറാകണം. യാഥാർത്ഥ്യബോധത്തോടു കൂടിയ തീരുമാനം വേണം. എന്നാൽ മാത്രമേ ഇത്തവണത്തെ നെല്ലുസംഭരണം കുറ്റമറ്റ രീതിയിൽ സാധ്യമാകൂ. കറുത്ത നെല്ല് ഇവിടുത്തെ മണ്ണിന്റെ പ്രത്യേകതയാണ.് ഇതുമൂലം നെല്ല് എടുക്കുമ്പോൾ അളവുവ്യത്യാസം വന്നാൽ അക്കാര്യത്തിൽ കൃഷിക്കാർക്ക് നഷ്ടമുണ്ടാകാത്തവിധം കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ഒരു പ്രോജക്ട് ആയി തയ്യാറാക്കി കൃഷിമന്ത്രിക്ക് നൽകണം. കൃഷിക്കാർക്ക് നഷ്ടമുണ്ടാകാത്തവിധം പ്രശ്നപരിഹാരമുണ്ടാക്കും.
സി. കെ. ആശ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യൻ, ജില്ലാ കളക്ടർ ഡോ. ബി. എസ്. തിരുമേനി, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കർഷക സംഘം പ്രതിനിധികൾ, മില്ലുടമ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
