പഴയ ‘തറവാട്ടില്‍’ വീണ്ടുമെത്തിയപ്പോള്‍ അവര്‍ ഓര്‍മകളുടെ വഴിയില്‍ സഞ്ചരിക്കുകയായിരുന്നു. സൗഹൃദം പുതുക്കാനും വിശേഷങ്ങള്‍ പങ്കുവയ്ക്കാനുമുള്ള തിരക്കിലായിരുന്നു എല്ലാവരും. മനസുനിറഞ്ഞ ചെറിയ കൂടിക്കാഴ്ച്ചയ്ക്കൊടുവില്‍ വീണ്ടും കാണാമെന്ന് ഉറപ്പ് നല്‍കിയാണ് എല്ലാവരും കുടുംബത്തോടൊപ്പം മടങ്ങിയത്. ഇഞ്ചവിള ആഫ്റ്റര്‍ കെയര്‍ ഹോം ഫോര്‍ അഡോളസെന്റ്സില്‍ നടന്ന കുടുംബ കൂട്ടായ്മയായിരുന്നു വേദി. വിവാഹിതരായ ഇവിടുത്തെ പഴയ അന്തേവാസികളും കുടുംബാംഗങ്ങളുമാണ് സംഗമത്തില്‍ പങ്കെടുത്തത്.
സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള സ്ഥാപനത്തിലെ ഇപ്പോഴത്തെ അന്തേവാസികളുമായും അവര്‍ ആശയവിനിമയം നടത്തി. സംഗമത്തിന്റെ ഭാഗമായി കുടുംബജീവിതത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസും കലാപരിപാടികളും നടന്നു.
ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികയേന്‍ കലാമേള ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ് നിര്‍വഹിച്ചു. തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ചന്ദ്രശേഖരന്‍പിള്ള അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം കെ. രാജശേഖരന്‍, ബ്ലോക്ക് പഞ്ചായത്തംഗം കെ. സത്യന്‍, ഗ്രാമപഞ്ചായത്തംഗം പെരിനാട് തുളസി, ആഫ്റ്റര്‍ കെയര്‍ ഹോം സൂപ്രണ്ട് ജെ. ശ്രീദേവി അമ്മ, ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസര്‍ എസ്. ഗീതാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.