ജില്ലയിൽ രണ്ടു മാസത്തിനിടെ എക്‌സൈസ് പിടികൂടിയത് 50.2 കിലോ കഞ്ചാവ്. 1118 കിലോ പുകയില ഉൽപ്പന്നങ്ങളും 1529 ലിറ്റർ കോടയും ഇക്കാലയളവിൽ പിടികൂടി. പിഴയായി 2.59 ലക്ഷം രൂപ ഈടാക്കി. എ.ഡി.എം. ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ കൂടിയ അനധികൃത മദ്യത്തിന്റെ നിർമാണവും വിപണനവും തടയുന്നതിനുള്ള ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തിൽ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെ. ചന്ദ്രപാലനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇക്കാലയളവിൽ 318 പേർ വിവിധ കേസുകളിൽ അറസ്റ്റിലായി. 231 അബ്കാരി കേസും 88 എൻ.ഡി.പി.എസ് കേസും പുകയില ഉൽപ്പന്നങ്ങളുടെ അനധികൃത ഉപയോഗവുമായി ബന്ധപ്പെട്ട് 1297 കേസും രജിസ്റ്റർ ചെയ്തു. 2185 പരിശോധനകൾ നടന്നു. 240 ലഹരി ഗുളികകളും 58 ലിറ്റർ ചാരായവും പിടിച്ചെടുത്തു. കള്ളുഷാപ്പുകളിൽ നിന്ന് 51 സാമ്പിളുകൾ ശേഖരിച്ചു. 253 സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
പഞ്ചായത്ത് തലത്തിൽ 79 ഉം നഗരസഭയിൽ മൂന്നും നിയമസഭാ മണ്ഡല തലത്തിൽ ഒന്നും ജനകീയ കമ്മിറ്റികൾ ചേർന്നതായി എ.ഡി.എം പറഞ്ഞു. എക്‌സൈസ് വകുപ്പ് 308 ബോധവത്ക്കരണ പരിപാടികൾ നടത്തി. ആന്ധ്രയിൽ നിന്ന് 11 കിലോ കഞ്ചാവുമായി വന്ന ഓട്ടോറിക്ഷ പിടിച്ചെടുത്തു. അമ്പലത്തറ കുമരിച്ചന്ത ഭാഗത്തു നിന്ന് 21 കഞ്ചാവ് ചെടികൾ കണ്ടെത്തി. അടിമലത്തുറ, ചാരുംമൂട്, അഞ്ചുതെങ്ങ്, ശിങ്കാരത്തോപ്പ് എന്നിവിടങ്ങളിൽ പരിശോധനയും പട്രോളിങും ശക്തമാക്കും. ഉത്സവമേഖലകളിൽ പ്രത്യേക പരിശോധന സംഘടിപ്പിക്കാൻ പോലീസിനും എക്‌സൈസിനും എ.ഡി.എം നിർദേശം നൽകി. പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.
എസ്. മൈക്കിൾ ഉബൈദ്, വി. റസലയ്യൻ, എസ്. അജിത് കുമാർ, കെ.റ്റി. റോയി, എസ്. അജി, ടി. സുരേഷ്, ചാല സുരേന്ദ്രൻ, യു.കെ. അരവിന്ദ്, രാജേന്ദ്ര പ്രസാദ്, ആർ. ജ്യോതികൃഷ്ണൻ, സിസ്റ്റർ ഷിജി ജോർജ്, സിസ്റ്റർ ജനസ്തസ്, ബ്രഹ്മാനന്ദൻ, പേരൂർക്കട രവി എന്നിവർ പങ്കെടുത്തു.