കോവിഡ് പ്രോട്ടോകോൾ പാലിച്ച് അഡ്വാൻസ് ബുക്കിങ്ങ് പ്രകാരം ഗുരുവായൂർ ക്ഷേത്രത്തിൽ ജൂലൈ 10 മുതൽ വിവാഹങ്ങൾ പുനരാരംഭിക്കും.

ബുക്കിങ്ങ് ജൂലൈ 9 മുതൽ പടിഞ്ഞാറെ നടയിലെ വഴിപാട് കൗണ്ടറിലും ഗൂഗിൾഫോം വഴി ഓൺലൈനായുമാണ് സ്വീകരിക്കുക. നിർത്തിവെച്ചിരുന്ന വിവാഹങ്ങൾ ജൂലൈ 10നും തുടർന്നുള്ള ദിവസങ്ങളിലും രാവിലെ 5 മുതൽ ഉച്ചയക്ക് 12.30 വരെ കിഴക്കേ നടപന്തലിലെ വിവാഹമണ്ഡപങ്ങളിൽ വെച്ച് നടത്തും.

ബുക്കിങ്ങ് ചെയ്തു വരുന്നവരുടെ വിവാഹങ്ങൾ മാത്രമേ നടത്തി കൊടുക്കുകയുള്ളൂ.
ഒരു വിവാഹ പാർട്ടിയിൽ വധൂവരന്മാരും ഫോട്ടോഗ്രാഫർ/വീഡിയോഗ്രാഫർ അടക്കം പരമാവധി 12 പേരിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കില്ല.

പങ്കെടുക്കുന്നവരുടെ ഫോട്ടോ ഐഡി കാർഡ് / ആധാർ കാർഡ് അടക്കമുള്ള രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വിവാഹ തിയ്യതിയക്ക് 24 മണിക്കൂർ മുമ്പെങ്കിലും വഴിപാട് കൗണ്ടർ വഴിയോ 48 മണിക്കൂർ മുൻപ് ഓൺലയിനായോ ബുക്ക് ചെയ്യേണ്ടതാണ്. ഒരു ദിവസം പരമാവധി 40 വിവാഹങ്ങൾ വരെ നടത്തുകയുള്ളൂ.

വിവാഹ ബുക്കിങ്ങ് നേരത്തെ ചെയ്തത് റദ്ദാക്കാതെ ഉള്ളവരും ബുക്കിങ്ങ് തുക റീഫണ്ട് വാങ്ങാത്തവരും മുൻ ബുക്കിങ്ങ് പ്രകാരം വിവാഹം നടത്തണമെങ്കിൽ വിവരം രേഖാമൂലം അറിയിച്ച് ബുക്കിങ്ങ് പുതുക്കേണ്ടതാണ്. നിശ്ചയിയ്ക്കപ്പെട്ട സമയത്തിന് കൃത്യം 20 മിനിറ്റ് മുമ്പ് മാത്രം വിവാഹപാർട്ടികൾ റിപ്പോർട്ട് ചെയ്യണം. സർക്കാർ ഉത്തരവുകൾ പ്രകാരമുള്ള കോവിഡ് പ്രോട്ടോകോളും ദേവസ്വം/ പോലീസ് എർപ്പെടുത്തിയ നിബന്ധനകളും കർശനമായി പാലിക്കേണ്ടതാണെന്നും ദേവസ്വം ചെയർമാൻ കെ. ബി.മോഹൻദാസ് അറിയിച്ചു.