സംസ്ഥാന വനിത കമ്മീഷന്റെ നേതൃത്വത്തിൽ നടത്തുന്ന വിവാഹ പൂർവ്വ കൗൺസിലിംഗ് മാർച്ച് 17,18 തീയതികളിൽ തെളളകത്ത് ആമോസ് സെന്ററിൽ നടക്കും. നിയമപരവും ആരോഗ്യപരവും സൈബർ സംബന്ധവുമായ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസ്സെടുക്കുമെന്ന് വനിത കമ്മീഷൻ അംഗം ഇ.എം. രാധ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന വനിത കമ്മീഷൻ അദാലത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവർ. വിവാഹമോചനങ്ങളും വിവാഹേതര ബന്ധങ്ങളും സംബന്ധിച്ച പരാതികൾ കമ്മീഷനു മുന്നിലെത്തുന്ന സാഹചര്യത്തിൽ വിവാഹിതരായവർക്കു വേണ്ടിയും ഒരു കൗൺസിലിംഗ് പ്രോഗ്രാം, ലീഗൽ വർക്ക്ഷോപ്പ് തുടങ്ങിയവ ആസൂത്രണം ചെയ്തു വരുന്നതായി ഇ.എം രാധ പറഞ്ഞു.
കമ്മീഷൻ അദാലത്തിൽ 76 പരാതികൾ പരിഗണിച്ചു. 28 പരാതികളിൽ തീർപ്പു കൽപ്പിച്ചു. 18 പരാതികൾ റിപ്പോർട്ടിനായി അയച്ചു. വനിത സെല്ലിലേക്ക് 6 പരാതികൾ കൈമാറിയപ്പോൾ 3 പരാതികൾ കൗൺസിലിംഗിന് അയച്ചു. 21 പരാതികൾ അടുത്ത അദാലത്തിൽ വീണ്ടും പരിഗണിക്കും. കമ്മീഷൻ ഡയറക്ടർ വി യു കുര്യാക്കോസ്, അഡ്വക്കേറ്റുമാരായ സി എ ജോസ്, സേതുലക്ഷ്മി, മീരാ രാധാകൃഷ്ണൻ തുടങ്ങിയവരാണ് പരാതികൾ പരിഗണിച്ചത്. അടുത്ത അദാലത്ത് മാർച്ച് 21ന് നടക്കും.