തോട്ടം തൊഴിലാളികൾക്ക് വേതനം നേരിട്ട് നൽകുന്നതിന് സർക്കാർ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തൊഴിലാളി സംഘടനാ പ്രതിനിധികൾക്ക് ഉറപ്പ് നൽകി.

ഇപ്പോൾ ബാങ്ക് വഴിയാണ് തൊഴിലാളികൾക്ക് കൂലി വിതരണം ചെയ്യുന്നത്. ഇത് വലിയ പ്രയാസം ഉണ്ടാക്കുന്നുണ്ട്. തോട്ടം മേഖലയിൽ എ.ടി.എം. കൗണ്ടറുകൾ ഇല്ലാത്തതിനാൽ ഏറെ ദൂരം യാത്രചെയ്താണ് തൊഴിലാളികൾ പണം എടുക്കുന്നത്. ഈ ബുദ്ധിമുട്ട് ഒഴിവാക്കാൻ സർക്കാർ നിയമപരമായ നടപടി സ്വീകരിക്കും. നിർബന്ധമായും ബാങ്ക് വഴി വേതനം വിതരണം ചെയ്യേണ്ട 39 മേഖലകളിൽ ഇപ്പോൾ പ്ലാന്റേഷനും ഉൾപ്പെടുന്നുണ്ട്. അതിനാൽ ബന്ധപ്പെട്ട വിജ്ഞാപനത്തിൽ നിന്ന് തോട്ടം മേഖലയെ ഒഴിവാക്കാൻ നടപടി സ്വീകരിക്കുമന്ന് മുഖ്യമന്ത്രി പറഞ്ഞു.

തോട്ടം മേഖലയിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. തോട്ടം തൊഴിലാളികൾക്കും വിരമിച്ച തൊഴിലാളികൾക്കും സ്വന്തമായി വീട് നൽകുമെന്ന പ്രഖ്യാപനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. വീട് നിർമ്മിക്കുന്നതിനുളള ചെലവിന്റെ പകുതി ഉടമകൾ വഹിക്കണം എന്നതാണ് സർക്കാരിന്റെ നിലപാട്. സ്വന്തമായി സ്ഥലമില്ലാത്ത തൊഴിലാളികളുടെ കാര്യത്തിൽ തോട്ടം ഉടമകൾ സ്ഥലം ലഭ്യമാക്കണം. ഭവനപദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് തോട്ടം ഉടമകളുമായി സർക്കാർ ചർച്ച നടത്തും.

റീപ്ലാന്റേഷനു വേണ്ടി റബ്ബർ മരങ്ങൾ മുറിക്കുമ്പോൾ സീനിയറേജ് ഈടാക്കുന്ന വ്യവസ്ഥ മാറ്റണമെന്ന തൊഴിലാളി സംഘടനകളുടെ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ തുറപ്പിക്കുന്നതിന് പ്രായോഗികമായ നടപടികൾ സ്വീകരിക്കും. തോട്ടങ്ങളുടെ പാട്ടം കാലാവധി നിയമാനുസൃതം പുതുക്കി നൽകുക എന്നതുതന്നെയാണ് സർക്കാരിന്റെ നയം. അതനുസരിച്ചുളള നടപടികൾ സ്വീകരിക്കും.

തേയില, കാപ്പി, ഏലം എന്നിവ തോട്ടങ്ങളിൽ നിന്ന് നേരിട്ട് ശേഖരിച്ച് പൊതുവിതരണ സംവിധാനം വഴി ലഭ്യമാക്കണമെന്ന ആവശ്യം സർക്കാർ പരിശോധിക്കും. തൊഴിലാളികളുടെ കൂലി പുതുക്കുന്നതിനുളള നടപടികൾ തൊഴിൽ വകുപ്പ് എടുത്തുകൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ അനുഭാവപൂർവ്വമായ നിലപാടാണ് സർക്കാരിനുളളത്.

തോട്ടം മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്ത് തോട്ടം നികുതിയും കാർഷികാദായ നികുതിയും ഒഴിവാക്കണമെന്ന പ്ലാന്റേഷൻ ലേബർ കമ്മിറ്റി ഉപസമിതിയുടെ ശുപാർശ സർക്കാർ പരിശോധിക്കുന്നതാണ്.

യോഗത്തിൽ തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ, ചീഫ് സെക്രട്ടറി പോൾ ആന്റണി, റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥൻ, കാർഷികോത്പാദന കമ്മീഷണർ ടിക്കാറാം മീണ, ലേബർ കമ്മീഷണൽ പി.അലക്‌സാണ്ടർ, നികുതി വകുപ്പ് സെക്രട്ടറി മിൻഹാജ് ആലം, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ, തൊഴിലാളി സംഘടനാ പ്രതിനിധികളായ ലാലാജി ബാബു (സി.ഐ.ടി.യു), സി.എ. കുര്യൻ (എ.ഐ.ടി.യു.സി), എ.കെ. മണി (ഐ.എൻ.ടി.യു.സി), ഇ.എസ്. ബിജിമോൾ എം.എൽ.എ, ടി. രാജേന്ദ്രൻപിളള (ബി.എം.എസ്), ജി. സുഗുണൻ (എച്ച്.എം.എസ്), മുൻ എം.എൽ.എ. പി.ജെ. ജോയി തുടങ്ങിയവർ പങ്കെടുത്തു.