ഇടുക്കി ജില്ലയുടെ വികസനകുതിപ്പിന് കരുത്തുപകര്‍ന്ന്, മലയോരനിവാസികള്‍ക്ക് നൂതന ചികിത്സാസൗകര്യങ്ങളൊരുക്കി ഇടുക്കി മെഡിക്കല്‍കോളേജില്‍  ആരംഭിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജൂലൈ 14ന് നടക്കും. രാവിലെ 11 മണിയ്ക്ക് ആരോഗ്യ വകുപ്പു മന്ത്രി കെ.കെ.ശൈലജ  തിരുവനന്തപുരത്തു നിന്നും വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഉദ്ഘാടനം ചെയ്യും.
ഡയാലിസിസ് യൂണിറ്റ്, കോവിഡ്-19 പരിശോധനയ്ക്കായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ട്രൂനാറ്റ് ലാബ്, ആര്‍ടിപിസിആര്‍ ലാബ്, ബ്ലഡ് സെന്റര്‍, പുതിയ ബ്ലോക്കിലേയ്ക്കുളള റോഡ്, കോവിഡ് ഐസിയു, ജനറല്‍ ഐ സി യു, ഓപ്പറേഷന്‍ തീയേറ്റര്‍, കോവിഡ് ലേബര്‍ റൂം, ചുറ്റുമതില്‍, കാത്തിരുപ്പ് കേന്ദ്രം, മോര്‍ച്ചറി നവീകരണാരംഭം തുടങ്ങി വിവിധപദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നനെന്ന് പത്രസമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ റോഷി അഗസ്റ്റിന്‍ എം എല്‍ എയും ജില്ലാ കളക്ടറും ആശുപത്രി വികസന സമിതി ചെയര്‍മാനുമായ എച്ച്. ദിനേശനും അറിയിച്ചു.
വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി അധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തില്‍ പങ്കു ചേര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് അഡ്വ.ഡീന്‍ കുര്യാക്കോസ് എം.പി, ആശുപത്രി കാന്റീനിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിക്കും. എം.പി.ഫണ്ട് ഒരു കോടി 15 ലക്ഷത്തില്‍ നിന്നും 45 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കാന്റീന്‍ നിര്‍മ്മിക്കുന്നത്.
യോഗത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ റോഷി അഗസ്റ്റ്യന്‍ എം എല്‍ എ, മറ്റ് എം.എല്‍ എ മാരായ പി.ജെ.ജോസഫ്, ഇ.എസ്.ബിജിമോള്‍, എസ്.രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്,  ആശുപത്രി വികസന സമിതി ചെയര്‍മാന്‍ കൂടിയായ കളക്ടര്‍ എച്ച്.ദിനേശന്‍, കണ്‍വീനറും മെഡിക്കല്‍ കോളേജ് സൂപ്രണ്ടുമായ ഡോ. ഡി. രവികുമാര്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ വി.എം, സുരേഷ് പി.എസ്, മറ്റു ജനപ്രതിനിധികള്‍, ആശുപത്രി വികസന സമിതി അംഗങ്ങള്‍, ഡിഎംഒ ഡോ.എന്‍ പ്രിയ, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡിപിഎം ഡോ.സുജിത്ത് സുകുമാരന്‍, ആര്‍എം ഒ ഡോ. എസ്. അരുണ്‍ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഇടുക്കിയുടെ പിന്നോക്ക മേഖലയില്‍ ആരോഗ്യരംഗത്ത് ഏറെ ഗുണപരവും ഗണപരവും ആയ മാറ്റങ്ങള്‍ക്കാണ് ഇടുക്കി മെഡിക്കല്‍ കോളേജ് ഈ കാലഘട്ടത്തില്‍ സാക്ഷ്യം വഹിച്ചത്.  അഞ്ച് പതിറ്റാണ്ട് മുന്‍പ് ആരംഭിച്ച ഇടുക്കി ജില്ലാശുപത്രി വിവിധ വികസന ഘട്ടങ്ങള്‍ പിന്നിട്ട് ഇന്ന് ജില്ലയിലെ ഏക സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എത്തി നില്‍ക്കുകയാണ്.   പ്രതിദിനം ശരാശരി 750 രോഗികള്‍ ചികിത്സക്കായി എത്തുന്നു. ആശുപത്രി വികസന സമിതിയുടേതടക്കം 300 കിടക്കകളുള്ള കിടത്തി ചികിത്സ  (ഐ.പി) സൗകര്യവും മെഡിക്കല്‍ കോളേജില്‍  നിലവില്‍ ഉണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മെഡിക്കല്‍ കോളേജിന്റെ സേവന ഗുണ നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനും രോഗിസൗഹൃദമാക്കുവാനും വിവിധ പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ള ളളതെന്ന് റോഷി അഗസ്റ്റിന്‍ എം എല്‍ എ പറഞ്ഞു.
ആദിവാസികളും പിന്നാക്ക വിഭാഗക്കാരും തിങ്ങിപ്പാര്‍ക്കുന്ന ജില്ലയില്‍ ആതുര സേവന മേഖലയില്‍  ഏറെ മുന്നോട്ടു പോകുവാന്‍ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ജനറല്‍ മെഡിസിന്‍ ഉള്‍പ്പെടെ 15 ഓളം വിവിധ സ്പെഷ്യാലിറ്റി ചികിത്സാ വിഭാഗങ്ങളാണ് ആശുപത്രിയിലുള്ളത്.  ഈ വിവിധ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലായി 31 ഡോക്ടറുമാരും അനുബന്ധ ജീവനക്കാരുമായി 250 പേര്‍ സേവന സന്നദ്ധരായി മെഡിക്കല്‍ കോളേജില്‍  ഉണ്ട്.

മന്ത്രി എം.എം മണിയുടെ പ്രത്യേക താത്പര്യ പ്രകാരം ജില്ലാ ആശുപത്രിയിലെ  വിവിധ വികസന പ്രവര്‍ത്തനങ്ങള്‍

ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ  സി.എസ്.ആര്‍ ഫണ്ട് മന്ത്രി എം.എം മണിയുടെ താത്പര്യ പ്രകാരം 10 കോടി രൂപയാണ് ഇടുക്കി മെഡിക്കല്‍ കോളേജിന് അനുവദിച്ചത്.  ഈ 10 കോടി രൂപ ഉപയോഗിച്ചാണ് മെഡിക്കല്‍ കോളേജില്‍  വിവിധ വികസന പ്രവര്‍ത്തനങ്ങള്‍  നടത്തി വരുന്നത്.
10 കോടി രൂപയില്‍ മെഡിക്കല്‍ കോളേജിലേക്ക്  ഡയാലിസിസ് മെഷീനുകള്‍, അനുബന്ധ ഉപകരണങ്ങളും,  ഡയാലിസിസ് രോഗികള്‍ക്ക്  3 മാസത്തേക്ക് ഡയാലിസിസിന് ഉപയോഗിക്കുന്നതിനായി  ഞലമഴലിെേ    ഉള്‍പ്പെടെയുള്ള സാമഗ്രികളും തീവ്ര പരിചരണ വിഭാഗത്തിലേക്ക് വെന്റിലേറ്റേഴ്സ് ഉള്‍പ്പെടെയുള്ള ജീവന്‍ രക്ഷാ ഉപകരണങ്ങളും, ശിശുരോഗ വിഭാഗത്തിലേക്ക് വെന്റിലേറ്റേഴ്സ്, ഫോട്ടോ തെറാപ്പി യൂണിറ്റ് എന്നിവയും, റേഡിയോളജി വിഭാഗത്തിലേക്ക് സി.റ്റി സ്‌കാന്‍, ഡിജിറ്റല്‍ റേഡിയോഗ്രാഫി, മാമോഗ്രാഫി ഉപകരണങ്ങളും, ഗൈനക്കോളജി വിഭാഗത്തിലേക്ക് 3 ഡി/4 ഡി  അള്‍ട്രാസൗണ്ട് കളര്‍ ഡോപ്ളറും,  മൈക്രോ ബയോളജി ലാബിലേക്ക് ബയോ സേഫ്റ്റി ക്യാബിനറ്റ്, എലീസ റീഡര്‍, മൈനസ് ഡിഗ്രി ഫ്രീസര്‍ എന്നിവയും ആശുപത്രിയിലേക്ക് ഹൈടെന്‍ഷന്‍ വൈദ്യുതി കണക്ഷന്‍ തുടങ്ങി വിവിധ ഭൗതീക സാഹചര്യ വികസനവും ഈ തുക വഴി സജ്ജമാക്കിയിട്ടുണ്ട്.

ഡയാലിസിസ് യൂണിറ്റ്-

ഇടുക്കിയിലെ പിന്നാക്ക മേഖലയില്‍ ആദ്യമായാണ് മെഡിക്കല്‍ കോളേജില്‍  ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നത്. ഈ മേഖലയില്‍ ഉള്ള വൃക്ക രോഗികള്‍ 70 കിലോമീറ്റര്‍ അകലെയുള്ള തൊടുപുഴയിലെ സ്വകാര്യ ആശുപത്രികളെയാണ് പണം കൊടുത്ത് ആശ്രയിച്ചിരുന്നത്. 2000 മുതല്‍ 2500 രൂപ വരെ തുക നല്‍കി ഡയാലിസിസ് നടത്താന്‍ ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇതിന് പരിഹാരമായാണ് മെഡിക്കല്‍ കോളേജില്‍  ബഹു. മന്ത്രി എം.എം മണിയുടെ പ്രത്യേക താത്പര്യ പ്രകാരം 15 ബെഡുകള്‍ ഉള്ള ഡയാലിസിസ് യൂണിറ്റ്  സാധ്യമായത്.  ഇടുക്കി ജില്ലാ പഞ്ചായത്ത് 40 ലക്ഷം  രൂപയും  ജില്ലാ ഭരണകൂടം  19 ലക്ഷം രൂപയും ദേശീയ ആരോഗ്യമിഷന്‍  10 ലക്ഷം രൂപ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും, ഉപകരണങ്ങള്‍ വാങ്ങുന്നതിലേക്കായി 13.5 ലക്ഷം  രൂപയും, വിനിയോഗിച്ചിട്ടുണ്ട്.

ഭൗതിക സാഹചര്യ വികസനം-

മെഡിക്കല്‍ കോളേജില്‍ സജ്ജീകരിച്ചിരിക്കുന്ന തീവ്ര പരിചരണ വിഭാഗം (ഐ.സി.യു) 24 കിടക്കകളുള്ള, കേന്ദ്രീകൃത ഓക്സിജന്‍ വിതരണ ശൃംഖലയുമായി ആധുനീക സജ്ജീകരണങ്ങളോടെ സജ്ജമാക്കിയിട്ടുണ്ട്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  സജ്ജീകരിച്ചിരിക്കുന്ന ഈ ത്രീവ്രപരിചരണ വിഭാഗത്തില്‍ ആരോഗ്യ മിഷന്‍ 13 ലക്ഷം രൂപ നല്‍കിയാണ് സജ്ജമാക്കിയിട്ടുള്ളത്.  മെഡിക്കല്‍ കോളേജിലെ താഴത്തെ നിലയിലെ സ്റ്റെപ്ഡൗണ്‍ ഐ.സി.യു  ശ്രീ. റോഷി അഗസ്റ്റ്യന്‍ എം.എല്‍എം യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ മുടക്കി  കേന്ദ്രീകൃത ഓക്സിജന്‍  സൗകര്യം ഉള്‍പ്പെടെ  15 ബെഡുകള്‍ ഉള്ള ഐ.സി.യു നവീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്.
നിലവിലുള്ള ഐ.സി.യു ദേശീയ ആരോഗ്യദൗത്യത്തിന്റെ 35 ലക്ഷം രൂപ ഉപയോഗിച്ചുള്ള നവീകരണം പുരോഗമിക്കുകയാണ്. ഈ മാസം പണി പൂര്‍ത്തിയാക്കി  ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും.

കോവിഡ് പരിശോധന സൗകര്യങ്ങള്‍

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ വിവിധ സ്ഥാപനങ്ങളില്‍ കോവിഡ് പരിശോധന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍ കോളേജില്‍  പി.സി.ആര്‍ ടെസ്റ്റ് നടത്തുന്നതിനായി 82,81350/ രൂപയുടെ ഉപകരണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍  കെ.എം.എസ്.സി.എല്‍ വഴി ഒരുക്കിയിട്ടുള്ളത്. കോവിഡ് നിയന്ത്രണത്തിന് പരിശോധന ഒരു ഉപാധി എന്ന് നിലയില്‍ ജില്ലയില്‍ കോവിഡ് പരിശോധനകള്‍ നിയന്ത്രണങ്ങള്‍ക്ക് ഏറെ ഗുണകരമാകും എന്നതില്‍ സംശയമില്ല. ഇതില്‍ പി.സി.ആര്‍ മെഷീന്‍, ബയോസേഫ്റ്റി ക്യാബിനറ്റുകള്‍ തുടങ്ങി അത്യാധുനീക ഉപകരണങ്ങണ് പി.സി.ആര്‍ ടെസ്റ്റ് ലാബില്‍ സജ്ജമാക്കിയിട്ടുള്ളത്. മെഡിക്കല്‍ കോളേജില്‍  പി.സി.ആര്‍ ടെസ്റ്റ് കൂടാതെ ട്രൂനാറ്റ്   ത്വരിത പരിശോധന   പരിശോധന സൗകര്യവും ആരംഭിച്ചുകഴിഞ്ഞു.  ഈ കെട്ടിട സമുച്ചയത്തിലേക്കുള്ള റോഡ് റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച  25 ലക്ഷം രൂപ വിനിയോഗിച്ച്  നിര്‍മാണം പൂര്‍ത്തീകരിച്ച് വരുന്നതായി ജില്ലാ കളക്ടര്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, എഡി എം ആന്റണി സ്‌കറിയ, ആശുപത്രി വികസനസമിതിയംഗം സി വി. വര്‍ഗീസ്, എന്‍ എച്ച് എം ജില്ലാ പ്രോജക്ട് മാനേജര്‍ ഡോ. സുജിത് സുകുമാരന്‍, ആശുപത്രി ആര്‍എംഒ ഡോ. എസ്. അരുണ്‍, പിആര്‍ഡി അസി. എഡിറ്റര്‍ എന്‍. ബി. ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.

എം.പി ഫണ്ട്

ബഹു. ഇടുക്കി എം.പി ശ്രീ. ഡീന്‍ കുര്യാക്കോസിന്റെ പ്രത്യേക കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തീവ്രപരിചരണ വിഭാഗത്തിലേക്ക് വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള 58 ലക്ഷം  രൂപയുടെ ഉപകരണങ്ങളും മറ്റ് സൗകര്യ വികസനങ്ങളും നടന്നു.

ഓപ്പറേഷന്‍ തീയേറ്റര്‍

ദേശീയ ആരോഗ്യ ദൗത്യം 20 ലക്ഷം രൂപ അനുവദിച്ച് പുതിയ ഓപ്പറേഷന്‍ തീയേറ്റര്‍ പണി ആരംഭിക്കുകയാണ്. അത്യാധുനീക സൗകര്യങ്ങളോട് കൂടി കോവിഡ് രോഗികള്‍ക്ക് വേണ്ടിയാണ് ഈ ഓപ്പറേഷന്‍ തീയേറ്റര്‍ സജ്ജമാക്കുന്നത്.  ഇതിലേയ്ക്കായി 18 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ ദേശീയ ആരോഗ്യദൗത്യം വഴി ലഭ്യമാക്കി വരുന്നു.

കോവിഡ് ലേബര്‍ റൂം

കോവിഡ് രോഗികള്‍ക്ക് സുരക്ഷിത പ്രസവം സാദ്ധ്യമാകുന്നതിനായി ജില്ലയില്‍ ആദ്യമായി 2 പേര്‍ക്കുള്ള പ്രസവ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്. 2 ലക്ഷം രൂപ മുടക്കി പൂര്‍ണ്ണ സുരക്ഷിതത്തോടുകൂടി സൗകര്യപ്രദമായ രീതിയില്‍ ആണ് മെഡിക്കല്‍ കോളേജില്‍  കോവിഡ് പ്രസവ വാര്‍ഡ് സജ്ജമാക്കിയിട്ടുള്ളത്.

ചുറ്റുമതില്‍

പ്രളയം മൂലം മണ്ണിടിച്ചില്‍ തടയുന്നതിനും മറ്റ് അപകടങ്ങള്‍ ഒഴിവാക്കുവാനും മെഡിക്കല്‍ കോളേജിന്  ചുറ്റുമതില്‍ നിര്‍മ്മിച്ചു. 75 ലക്ഷം മുടക്കി പ്രളയവും, മണ്ണിടിച്ചിലിനും പ്രതിരോധം തീര്‍ത്ത് ഏറ്റവും ഗുണ നിലവാരമുള്ള രീതിയിലാണ് പണി പൂര്‍ത്തിയാക്കിയിട്ടിരിക്കുന്നത്.

കോവിഡ് അറ്റകുറ്റപ്പണി

കോവിഡ് 19 ഗുണനിലവാരമുള്ള ചികിത്സ ലഭ്യമാക്കുന്നതിന്റെ ഭാഗമായി 3 ലക്ഷം രൂപയുടെ അറ്റകുറ്റ പണിയാണ് മെഡിക്കല്‍ കോളേജില്‍  നടത്തിയത്. വിവിധ ചികിത്സാ വിഭാഗങ്ങളുടെ ഭൗതീക സാഹചര്യങ്ങള്‍ വികസിപ്പിച്ച് രോഗീ സൗഹൃദ സ്ഥാപനമാക്കി ഈ കോവിഡ് കാലത്ത് മെഡിക്കല്‍ കോളേജിനെ  മാറ്റി കഴിഞ്ഞു.

ബ്ലഡ് സെന്റര്‍
എല്ലാ സജ്ജീകരണങ്ങളോടുകൂടിയ,  രക്തത്തിലെ പ്ലാസ്മ ഉള്‍പ്പെടെ
വിവിധ ഘടകങ്ങള്‍ വേര്‍തിരിച്ച് സൂക്ഷിച്ച് പരിശോധിക്കാനുതകും വിധത്തിലുള്ള ബ്ലഡ് സെന്ററാണ് മെഡിക്കല്‍ കോളേജിന്റെ മൂന്നാം നിലയില്‍ ക്രമീകരിച്ചിട്ടുള്ളത്.  ജില്ലയിലെ ആദ്യ ബ്ലഡ് സെന്ററാണിത്. കോട്ടയം മെഡിക്കല്‍ കോളേജ്, തൊടുപുഴയിലെ സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് മുന്‍പ് ജില്ലയിലെ രോഗികള്‍ ഇത്തരം പരിശോധനകള്‍ക്കായി ആശ്രയിച്ചിരുന്നത്.  പതോളജി വിഭാഗത്തിലെ ഡോ.സജി ഫ്രാന്‍സിസ്, ഡോ.ദിവ്യ വേണുഗോപാല്‍ എന്നിവരാണ് ഇവിടെ മേല്‍നോട്ടം വഹിക്കുന്നത്.

റോഡ് :-
പുതിയ കെട്ടിട സമുച്ചയത്തിലേയ്ക്കുള്ള റോഡ്, റോഷി അഗസ്റ്റിന്‍ എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച  25 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു വരുന്നു.

കാത്തിരുപ്പ് കേന്ദ്രം :– ഫെഡറല്‍ ബാങ്ക് ധനസഹായം ഏഴര ലക്ഷം രൂപ ചെലവഴിച്ച് മെഡിക്കല്‍ കോളേജിലെത്തുന്നവര്‍ക്കായി  കാത്തിരുപ്പ് കേന്ദ്രം സജ്ജമാക്കി.

മോര്‍ച്ചറി നവീകരണം:– ഇസാഫ് ബാങ്കിന്റെ നാലര ലക്ഷംധനസഹായത്തോടെ മോര്‍ച്ചറിയുടെ നവീകരണം ആരംഭിച്ചു.

പുതിയ ഉപകരണങ്ങള്‍ :- മൂന്നു കോടി 94 ലഷം രൂപയുടെ പുതിയ പരിശോധനാ ഉപകരണങ്ങളാണ് ആശുപത്രിയിലേയ്ക്കായി വാങ്ങുവാന്‍ ഓര്‍ഡര്‍ നല്കിയിട്ടുള്ളത്. സി ടി സ്‌കാനര്‍, ഡിജിറ്റല്‍ എക്സറേ, മാമോഗ്രഫി ഉപകരണങ്ങളാണിവ. ഒരു മാസത്തിനുള്ളില്‍ ഇവ ഉപയോഗിച്ച് ചികിത്സ നടത്താനാകും.

ആശുപത്രി വികസനത്തിനു ലഭിച്ച ഫണ്ടുകള്‍ ഒറ്റനോട്ടത്തില്‍:

വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി മുഖേന കെ.എസ്.ഇ.ബിയുടെ സിഎസ്ആര്‍ഫണ്ടില്‍ നിന്നും
ആശുപത്രി വികസനത്തിന് അനുവദിച്ചത് – 10 കോടി
ഡീന്‍ കുര്യാക്കോസ് എം.പി. -1.15 കോടി
റോഷി അഗസ്റ്റ്യന്‍ എം എല്‍ എ – 75 ലക്ഷം
എന്‍ആര്‍എച്ച്എം- 2.4 കോടി രൂപ
ജില്ലാ പഞ്ചായത്ത് – 40 ലക്ഷം (കെട്ടിടം )
ബ്ലോക്ക് പഞ്ചായത്ത് – 20 ലക്ഷം
ഫെഡറല്‍ ബാങ്ക് – 7.5 ലക്ഷം (വെയിറ്റിംഗ് ഏരിയ)
ഇസാഫ് ബാങ്ക് – 4.5 ലക്ഷം (മോര്‍ച്ചറി നവീകരണം )