തിരുവനന്തപുരത്തെ കണ്ടെയിൻമെന്റ് സോണുകളായ പൂന്തുറ, ബീമാപള്ളി പ്രദേശങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ സന്ദർശനം നടത്തി. പൂന്തുറയിലെ കോവിഡ് ഐസൊലേഷൻ സെന്റർ, ബീമാപള്ളി വി.എം ആശുപത്രി, പൂന്തുറ സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്‌കൂൾ എന്നിവിടങ്ങളിലെ ക്വാറന്റൈൻ സെന്ററുകളിലെ സൗകര്യങ്ങൾ കളക്ടർ വിലയിരുത്തി.

പ്രദേശവാസികൾ അമിതമായി ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ല.

നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണമെന്നും കളക്ടർ പറഞ്ഞു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സന്ദർശനം.