തീരദേശ വികസനത്തിന് പ്രഥമ പരിഗണന – മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ
മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരമുയര്‍ത്തന്നതിനായി തീരദേശ വികസന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പ്രഥമ പരിഗണനയാണ് നല്‍കുന്നതെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. പെരിനാട് പഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തിയായ ആറ് തീരദേശ റോഡുകളുടെ ഉദ്ഘാടനവും ഒരു റോഡിന്റെ നിര്‍മാണോദ്ഘാടനവും ചേറ്റ്കടവ് കായലോരത്തെ നാന്തിരിക്കല്‍-കൈതാകോടി റോഡില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍ അനില്‍ അധ്യക്ഷനായി.
കാഞ്ഞിരോട്, അഷ്ടമുടി, കുതിരമുനമ്പ്, പടപ്പക്കര, കുമ്പളം എന്നീ തീരദേശ മേഖലകളിലെ മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി കരിമീന്‍ വളര്‍ത്തല്‍ പദ്ധതി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. മത്സ്യ മേഖലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 3.35 കോടി രൂപ ചെലവില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പാണ് റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
നാന്തിരിക്കല്‍-കൈതാകോടി തീരദേശറോഡ് (2 കോടി), കേരളപുരം-ചെറുമൂട് റോഡ് (45 ലക്ഷം), ശിവന്‍മുക്ക്-പി എച്ച് സി റോഡും അനുബന്ധ റോഡും (40 ലക്ഷം വീതം), സെന്റ് ജോര്‍ജ് ചര്‍ച്ച്-കൈതാകോടി റോഡ് (10 ലക്ഷം), നാന്തിരിക്കല്‍-കെ പി കമ്പനി റോഡ് (7 ലക്ഷം) എന്നിവയുടെ ഉദ്ഘാടനവും നവജ്യോതി-സ്റ്റാര്‍ച്ച് ഫാക്ടറി റോഡിന്റെ (33 ലക്ഷം) നിര്‍മാണോദ്ഘാടനവുമാണ് നടന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനമുള്ള സംരക്ഷണ ഭിത്തി, ഗാര്‍ഡ് സ്റ്റോണ്‍, 11 ക്രോസ് ഓടകള്‍ എന്നിവയുടെ നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്.
കുണ്ടറ മണ്ഡലത്തില്‍ 38 കോടിയുടെയും പെരിനാട് പഞ്ചായത്തില്‍ 24 കോടിയുടെയും റോഡ് നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. പെരിനാട് പഞ്ചായത്തില്‍ ഇക്കഴിഞ്ഞ എസ് എസ് എല്‍ സി-പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്‌കാരവും ചടങ്ങില്‍ വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ശോഭ, മുന്‍ പ്രസിഡന്റ് സി സന്തോഷ്, പെരിനാട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എസ് ശ്രീകുമാരി, പഞ്ചായത്തംഗങ്ങളായ മുഹമ്മദ് ജാഫി, ഷീന ലോപ്പസ്, കയര്‍ഫെഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം എസ് എല്‍ സജികുമാര്‍, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥരായ ഇ ലിന്‍ഡ, സുമയ്യ തുടങ്ങിയവര്‍ പങ്കെടുത്തു.