കേരള-തമിഴ്‌നാട് അന്തർ സംസ്ഥാന ബസ് സർവീസ് സംബന്ധിച്ച കരാർ കേരള ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്റെയും തമിഴ്‌നാട് ഗതാഗതമന്ത്രി എം.ആർ. വിജയഭാസ്‌കറിന്റെയും സാന്നിധ്യത്തിൽ ഒപ്പുവെച്ചു.
ഇതുപ്രകാരം 49 റൂട്ടുകളിലായി 89 പുതിയ സർവീസുകൾ ആരംഭിക്കാൻ കഴിയുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.
നിലവിൽ 33016.4 കിലോമീറ്ററാണ് തമിഴ്‌നാട്ടിൽ കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നത്. പുതിയ കരാറനുസരിച്ച് 8865 കിലോമീറ്റർ കൂടുതലായി ഓടാൻ ധാരണയായിട്ടുണ്ട്. തമിഴ്‌നാട് ബസുകൾക്ക് 8801 കിലോമീറ്ററും കേരളത്തിൽ സർവീസ് നടത്താം. തമിഴ്‌നാട് ബസുകൾക്ക് 30 റൂട്ടുകളിലായി 54 സർവീസുകളാണ് പുതുതായി ഓടാൻ ധാരണയായത്.
1976ലാണ് ആദ്യമായി തമിഴ്‌നാടുമായി അന്തർസംസ്ഥാന കരാറിൽ ഏർപ്പെടുന്നത്. പിന്നീട് 1979, 1984, 1995, 1998, 2008 വർഷങ്ങളിൽ സപ്ലിമെൻററി കരാറുകളുമുണ്ടായിരുന്നു.
എറണാകുളം-ചെന്നൈ, എറണാകുളം-പുതുച്ചേരി, ആർത്തുങ്കൽ-വേളാങ്കണ്ണി, പാലക്കാട്-കോയമ്പത്തൂർ, ഇടുക്കി- കമ്പമേട്, കോട്ടയം-മധുര, തിരുവനന്തപുരം- ഊട്ടി, തിരുവനന്തപുരം- പേച്ചിപ്പാറ, തിരുവനന്തപുരം- കുളച്ചൽ, തിരുവനന്തപുരം-തേങ്ങാപ്പട്ടണം, തിരുവനന്തപുരം -ആറ്റിൻകര തുടങ്ങി നിരവധി റൂട്ടുകളിൽ പുതിയ സർവീസുകളുണ്ടാകും.
അതിർത്തി ജില്ലകളിലെ യാത്രക്കാർക്ക് കൂടുതൽ ഉപയോഗപ്രദമായ സർവീസുകളാകും ഇതെന്ന് ഇരുസംസ്ഥാനങ്ങളിലെയും മന്ത്രിമാർ പറഞ്ഞു. വാരാന്ത്യ, ഉത്‌സവകാല, അവധിക്കാല സർവീസുകൾ പുതുതായി ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഗതാഗതസൗകര്യത്തിനു പുറമേ ഇരുസംസ്ഥാനങ്ങൾ തമ്മിലുള്ള ആത്മബന്ധം ഉറപ്പിക്കാനും പുതിയ സർവീസുകൾ സഹായിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
കേരള ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ട്രാൻസ്‌പോർട്ട് കമ്മീഷണർ കെ. പത്മകുമാർ, കെ.എസ്.ആർ.ടി.സി എം.ഡി എ. ഹേമചന്ദ്രൻ, തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കമ്മീഷണർ സി. സത്യമൂർത്തി, എസ്.ഇ.ടി.സി എം.ഡി ആർ. അനന്തപത്മനാഭൻ, ടി.എൻ.എസ്.ടി.സി എം.ഡി മണി, ജോയിൻറ് ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ്. വേലുസ്വാമി, എസ്.ഇ.ടി.സി ജനറൽ മാനേജർ ആർ. പൊൻമുടി, ടി.എൻ.എസ്.ടി.സി ജനറൽ മാനേജർ തിരുവമ്പലം, ട്രാൻസ്‌പോർട്ട് അതോറിറ്റി അസി. സെക്രട്ടറി വി. സത്യനാരായണൻ തുടങ്ങിയർ സംബന്ധിച്ചു.