*രാജ്ഭവനിൽ ബേട്ടി ബചാവോ ബേട്ടി പഠാവോ സാംസ്‌കാരിക പരിപാടി അരങ്ങേറി

പെൺകുട്ടികൾക്ക് തുല്യ നീതിയും അധികാരവും നിഷേധിക്കപ്പെടുന്നത് ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് ഗവർണർ പി. സദാശിവം പറഞ്ഞു. ബേട്ടി ബചാവോ ബേട്ടി പഠാവോ പരിപാടിയുടെ ഭാഗമായി ഹിമാചൽ സർക്കാരിന്റെയും കേരള സർക്കാരിന്റയും ആഭിമുഖ്യത്തിൽ രാജ്ഭവനിൽ നടന്ന സാംസ്‌കാരിക പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ സ്ത്രീ പുരുഷ അനുപാതം 1084:1000 ആണ്. പലയിടങ്ങളിലും സ്ത്രീ അനുപാതം ഉയരുന്നുണ്ട്. ലിംഗസമത്വം യാഥാർത്ഥ്യമാക്കാൻ പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതുണ്ട്. ഇതിന് സ്ത്രീകളുടെ ധീരമായ ചുവടുവയ്പുകളും ലക്ഷ്യബോധവും മാനിക്കപ്പെടണം. ട്രാസ്ജൻഡർ വിഭാഗത്തിലുൾപ്പെട്ട ലൈംഗിക ന്യൂനപക്ഷങ്ങൾക്കു നീതി ലഭിക്കുന്നതിനും നാം ഉണർന്നു പ്രവർത്തിക്കണമെന്നും ഗവർണർ പറഞ്ഞു.
ഉദ്ഘാടനത്തിനുശേഷം ഗവർണർ സദസ്സിന് നവഭാരത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പത്മശ്രീ പുരസ്‌കാരം നേടിയ പാരമ്പര്യ വിഷചികിത്സകയും ആദിവാസി പ്രകൃതിചികിത്സകയുമായ ലക്ഷ്മിക്കുട്ടി അമ്മയെ ഗവർണർ ചടങ്ങിൽ ആദരിച്ചു. മോഹിനിയാട്ടം, കേരളനടനം, ഹിമാചൽ കലാരൂപമായ ഹിമാചലി നാട്ടി, ഇടശ്ശേരിയുടെ ഭൂതപ്പാട്ട് എന്ന കവിതയെ അടിസ്ഥാനമാക്കിയ കഥാപ്രസംഗവും രംഗാവതരണവും, ഹിമാചൽ കലാരൂപമായ നൃത്യ നാട്ടിക, മാതൃത്വത്തെ വിഷയമാക്കിയ നാടകം, യക്ഷഗാനം, ദേശീയോദ്ഗ്രഥന പരിപാടികൾ എന്നിവ അരങ്ങേറി.
സോംഗ്‌സ് ആന്റ് ഡ്രാമ ഡിവിഷൻ ഡയറക്ടർ അനുരാഗ് മിശ്ര, അസിസ്റ്റന്റ് ഡയറക്ടർ ജി. ജയകുമാർ തുടങ്ങിയവർ സംബന്ധിച്ചു.