കോവിഡ്-19 സൂപ്പര്‍ സ്‌പ്രെഡ് സ്ഥിരീകരിച്ച തിരുവനന്തപുരം പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി എന്നീ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ വയോജന സംരക്ഷണത്തിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഈ മേഖലയിലെ വയോജനങ്ങളുടെ ആരോഗ്യ സുരക്ഷയും പുനരധിവാസവും ഉറപ്പാക്കുന്നതിനായാണ് സാമൂഹ്യ സുരക്ഷ മിഷന്റെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചത്. കോവിഡ് ബാധിച്ചാല്‍ വളരെ പെട്ടെന്ന് ഗുരുതരാവസ്ഥയില്‍ പോകുന്നവരാണ് വയോജനങ്ങള്‍. അതിനാലാണ് ഇവര്‍ക്കായി റിവേഴ്‌സ് ക്വാറന്റൈന്‍ നടപ്പാക്കുന്നത്. മാത്രമല്ല അവരില്‍ പലരും വിവിധ രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവരാണ്.

വയോജനങ്ങളുടെ മാനസിക ശാരീരിക പ്രശ്‌നങ്ങള്‍ മനസിലാക്കി അവ പരിഹരിക്കുന്നതിനും അവബോധം നല്‍കുന്നതിനും ഗ്രാന്റ് കെയര്‍ പദ്ധതി സംസ്ഥാനമൊട്ടാകെ വിപുലമായി നടപ്പിലാക്കി വരുന്നു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സാമൂഹ്യനീതി വകുപ്പ്, വനിത ശിശുവികസന വകുപ്പ്, സാമൂഹ്യ സുരക്ഷ മിഷന്‍, കുടുംബശ്രീ എന്നിവയുടെ ഏകോപനത്തോടെയാണ് ഗ്രാന്റ് കെയര്‍ പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

6 മെഡിക്കല്‍ സംഘമാണ് സൂപ്പര്‍ സ്‌പ്രെഡ് മേഖലകളിലെ വയോജനങ്ങളുടെ വീട് സന്ദര്‍ശിച്ച് ആവശ്യമായ സഹായം ചെയ്ത് ഇടപെടലുകള്‍ നടത്തുന്നത്. സാമൂഹ്യ സുരക്ഷാ മിഷന്‍ സ്റ്റാഫുകളും വനിതാ ശിശു വികസന വകുപ്പിലെ ഐ.സി.ഡി.എസ്. അങ്കണവാടി വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുമാണ് സംഘത്തിലുണ്ടാകുക. ഒന്നാം ഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലെ വയോമിത്രം മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. രാജേശ്വര്‍ വിജയ്, ഡോ. മീനു, ഡോ. സഫ, നഴ്‌സിംഗ് സ്റ്റാഫുകളായ ലിനി, ആര്‍ച്ച, വിദ്യ എന്നിവരാണ് നേതൃത്വം നല്‍കുന്നത്.

ഓരോ ടീമും 65 വയസിന് മുകളില്‍ പ്രായമുള്ള വയോജനങ്ങളുടെ വീടുകള്‍ സന്ദര്‍ശിച്ച് വിവരം ശേഖരിക്കുന്നു. അവരെ സംഘം പരിശോധിച്ച് മാനസികവും ശാരീരികവുമായ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നു. രോഗ ലക്ഷണമുള്ളവരെ ആശുപത്രിയില്‍ മാറ്റി വിദഗ്ധ ചികിത്സ നല്‍കുന്നു. ജീവിതശൈലി രോഗങ്ങളുള്ളവര്‍ക്ക് മരുന്നുകള്‍ വിതരണം ചെയ്യുന്നു. അവശരും ഒറ്റപ്പെട്ട് കഴിയുന്നവരുമായ വയോജനങ്ങള്‍ക്ക് ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് താമസം, ഭക്ഷണം ഉള്‍പ്പെടെയുള്ളവ നല്‍കി പുനരധിവാസം ഉറപ്പ് വരുത്തുന്നു.

സാമൂഹ്യ സുരക്ഷാ മിഷന്‍ വയോമിത്രം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളിലും വയോജനങ്ങള്‍ക്ക് മരുന്ന് വിതരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്.