കാസർകോട്: പരിസ്ഥിതി പ്രാധാന്യമുള്ള പ്രാദേശിക ജൈവവൈവിധ്യ പൈതൃക കേന്ദ്രങ്ങള്‍ പ്രഖ്യാപിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയതിലൂടെ കാസര്‍കോട് ജില്ലയ്ക്ക് നിരവധി സാധ്യതകളാണ് വഴിതുറന്നിരിക്കുന്നത്. ഇനിയും കണ്ടെത്തിയിട്ടില്ലാത്തതും പ്രാദേശികവുമായ ഇത്തരം കേന്ദ്രങ്ങള്‍ അതിന്റെ പരിസ്ഥിതി-സാമൂഹിക പ്രാധാന്യത്തെ കുറിച്ച് അവബോധമില്ലാത്തതിനാല്‍ പൊതുസമൂഹത്തിന്റെ പരിഗണന ലഭിക്കാതെ ചൂഷണം ചെയ്യപ്പെടുന്ന അവസ്ഥയാണുള്ളതെന്നും ഇവയെ സംരക്ഷിച്ച് നിലനിര്‍ത്തുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നും സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെംബര്‍ സെക്രട്ടറിയായിരുന്ന കാസര്‍കോട് വിജിലന്‍സ് ഡിവൈഎസ്പി ഡോ. വി ബാലകൃഷ്ണന്‍ പറഞ്ഞു.
കാനത്തൂര്‍ നെയ്യംകയം ഒരു തുടക്കം
കാനത്തൂര്‍ നെയ്യംകയത്തെ പ്രാദേശിക ജൈവവൈവിധ്യ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചതിലൂടെ ജില്ലയിലെ പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം ലഭിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം ഒന്നിന് മുളിയാര്‍ ഗ്രാമ പഞ്ചായത്തിന്റെ പ്രഖ്യാപനത്തോടെ നെയ്യങ്കയം സംസ്ഥാനത്തെ പത്താമത്തെ പ്രാദേശിക പൈതൃക കേന്ദ്രമായി മാറി.  22 മത്സ്യ ഇനങ്ങളും 111 സസ്യ ഇനങ്ങളും ഇരുപത് തരം ചിത്രശലഭങ്ങളും ആറ് ഇനം ഉരഗങ്ങളും 12 തരം പക്ഷികളും മൂന്നിനം സസ്തനികളും 11 ഇനം തുമ്പികളുമുള്‍പ്പെടുന്ന അപൂര്‍വ ജൈവ വ്യവസ്ഥയാണ് നെയ്യംകയത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്.
 
മറഞ്ഞ് കിടക്കുന്നവ ഇനിയുമൊരുപാട്
  ജില്ലയില്‍ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത ഒരുപാട് ജൈവ വൈവിധ്യ കേന്ദ്രങ്ങളാണ് മറഞ്ഞുകിടക്കുന്നത്.  വൈവിധ്യമാര്‍ന്ന സസ്യ-ജീവജാലങ്ങളുടെ വിളനിലമായ വലിയപറമ്പ് പഞ്ചായത്തിലെ ഇടയിലക്കാട് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. വലിപ്പം കൊണ്ടും ജൈവവൈവിധ്യം കൊണ്ടും വടക്കന്‍ കേരളത്തില്‍ മുന്‍നിരയിലുള്ള കാവുകളിലൊന്നാണ് ഇടയിലക്കാടുള്ളത്. ഇതിനെ ജൈവവൈവിധ്യ പൈതൃക കേന്ദ്രമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.
നെല്‍പാടങ്ങളും പാറപ്രദേശങ്ങളുള്ള ലാറ്ററൈറ്റ് ഭൂമിയും ചെറിയ വനപ്രദേശവുമുള്‍പ്പെടെ വ്യത്യസ്ത ഭൂപ്രദേശങ്ങള്‍ സ്ഥിതി ചെയ്യുന്ന കിദൂരിലെ പക്ഷിഗ്രാമമാണ് മറ്റൊന്ന്. ഇതുവരെ ഈ പ്രദേശത്ത് നിന്നും 174 പക്ഷികളെയാണ് വിവിധ പക്ഷി നിരീക്ഷകരുടെ സഹായത്തോടെ തിരിച്ചറിഞ്ഞിട്ടുള്ളത്. വംശനാശം നേരിടുന്ന ചാരത്തലയന്‍, ബുള്‍ബുള്‍, വെള്ളഅരിവാള്‍ കൊക്കന്‍, കടല്‍ക്കാട, ചേരക്കോഴി, വാള്‍കൊക്കന്‍ എന്നിയവയുള്‍പ്പടെ 38 ദേശാടനപ്പക്ഷികളെയാണ് ഇവിടെ കണ്ടെത്തിയത്. പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന കൊമ്പന്‍ വാനമ്പാടി, ചാരത്തലയന്‍ ബുള്‍ബുള്‍, ഗരുഡന്‍ ചാരക്കാളി, ചെഞ്ചിലപ്പന്‍, ചാരവരിയന്‍ പ്രാവ് തുടങ്ങിയവയും ഇവിടെ കണ്ടുവരുന്നു.
ഇതിനെല്ലാം പുറമേ ജീവജാലങ്ങളുടെ വിളനിലമായ കണ്ടല്‍ക്കാടുകളും ഏക്കര്‍കണക്കിനുള്ള നെല്‍വയലുകളും വ്യാപിച്ച് കിടക്കുന്ന തരിശ് ഭൂമികളും പാറമടകളും ജലസംഭരണികളായ പള്ളങ്ങളാലുമെല്ലാം സമ്പന്നമാണ് കാസര്‍കോട്.
കാര്‍ഷിക മേഖലയിലും കാസര്‍കോടിന്റെ തനതായ ഇനങ്ങളുണ്ട്. സ്വര്‍ണമല്ലിയെന്ന മനോഹരമായ നെല്ലിനത്തെ 1999ല്‍ സര്‍വേ നടത്തുമ്പോള്‍ പരപ്പയില്‍ കണ്ടെത്തിയിരുന്നു.നവര അരിയുടെ സ്വഭാവമുള്ള ‘ജാത്തിസുഖി’ നെല്ലിനവും കാസര്‍കോടിന് മാത്രം സ്വന്തമാണ്. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന നെല്ല്, കുരുമുളക് തുടങ്ങിയവയും നമുക്ക് നഷ്ടപ്പെടുകയാണ്. വംശനാശം നേരിടുന്ന ഇവയെ അഗ്രോ ബയോഡൈവേഴ്‌സിറ്റി ഹെറിറ്റേജില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കാനാകും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ കണ്ടെത്താം
ജില്ലയിലുടനീളം കണ്ടുവരുന്ന കണ്ടല്‍ക്കാടുകള്‍, വ്യാപിച്ചു കിടക്കുന്ന നദികളും കൈവഴികളും, നീര്‍ത്തടങ്ങള്‍, ചതുപ്പുനിലങ്ങള്‍, ചെങ്കല്‍ ഭൂമികള്‍, പള്ളങ്ങള്‍ തുടങ്ങിയവയൊക്കെയും ജൈവപ്രാധാന്യമുള്ളതാണ്. ജില്ലയില്‍ നിരവധി ജൈവവൈവിധ്യങ്ങളാണ് ഇനിയും അറിയപ്പെടാതെ സ്ഥിതിചെയ്യുന്നത്. ഇവയെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിലുള്ള ബിഎംസികള്‍ക്ക് ഫലപ്രദമായി കണ്ടെത്താന്‍ കഴിയും. ഇതിലൂടെ നമ്മുടെ ജൈവിക ആവാസ വ്യവസ്ഥയെ കൂടുതല്‍ പോറലേല്‍പ്പിക്കാതെ നിലനിര്‍ത്താന്‍ സാധിക്കും